കുന്ദമംഗലം: കുന്ദമംഗലം നഗരത്തിൻെറ ഗതാഗതക്കുരുക്കഴിക്കാൻ ഒരുക്കിയ കടലാസ് നിർദ്ദേശങ്ങളും വെള്ളത്തിൽ വരച്ച വരയും ഒരേപോലെയാണ് . എം.എൽ.എ.യും ത്രിതല പഞ്ചായത്ത് പ്രതിനിധികളും ജില്ലാകളക്ടറും ജില്ലാ പൊലീസ് മേധാവികളും പങ്കെടുത്ത നിരവധി യോഗങ്ങളാണ് കുന്ദമംഗലത്ത് നടന്നിട്ടുള്ളത്. പക്ഷെ വാഹനങ്ങളുടെ വീർപ്പുമുട്ടലിന് മാത്രം ഒരു ശമനവുമില്ല. റോഡപകടങ്ങളുണ്ടാവുമ്പോഴാണ് പഞ്ചായത്തധികൃതരും പൊലീസും സർവ്വകക്ഷിയോഗം വിളിച്ചുചേർക്കുക. യോഗത്തിൽ വലിയ വലിയ തീരുമാനങ്ങളെടുത്ത് ചായകുടിച്ച് പിരിയുകയല്ലാതെ ഒന്നും പ്രാവർത്തികമാവാറില്ല.

ഗതാഗതക്കുരുക്ക് അസഹനീയമായ ഒരുസാഹചര്യത്തിൽ 2014 ൽ കുന്ദമംഗലം അങ്ങാടിയിലെ ഗതാഗത ക്രമീകരണ നടപടികളെ സംബന്ധിച്ചുള്ള ഒരു യോഗം പി.ടി.എ.റഹീം എം.എൽ.എ.കുന്ദമംഗലംബ്ലോക്ക്പഞ്ചായത്ത്ഹാളിൽ വിളിച്ചുചേർത്തിരുന്നു. ദേശീയപാത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്ന ആ യോഗത്തിൽ എൻ.ഐ.ടി.യിലെ ട്രാൻസ്പോർട്ടേഷൻ വിഭാഗത്തിലെ തലവൻ പ്രൊഫസർ ഡോ.ആഞ്ജനേയലു, അസോസിയേറ്റ് പ്രൊഫസർകെ.കൃഷ്ണമൂർത്തി, പ്രൊ.അൻസുഎന്നിവർ കുന്ദമംഗലത്തെ ഗതാഗതക്രമീകരണങ്ങളെക്കുറിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. അതനുസരിച്ച് പുതിയ ബസ്റ്റാന്റിൽ ബസ്സുകൾ കയറി ഇറങ്ങുന്ന ക്രമീകരണങ്ങളിൽ ചെറിയ മാറ്റങ്ങളും വരുത്തിയിരുന്നു.

പാർക്കിംഗ് തന്നെ വില്ലൻ

അശാസ്ത്രീയമായ അനധികൃത കെട്ടിടനിർമ്മാണവും ദേശീയപാതയിലെ പാർക്കിംഗും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുകയാണ്.

കാരന്തൂർ മുതൽ പന്തീർപാടം വരെ റോഡിന്റെ ഇരുവശത്തും വ്യാപാരസ്ഥാപനങ്ങൾ നിരന്നു കഴിഞ്ഞു. വലിയകെട്ടിടങ്ങളുടെ പ്ലാനിൽ കാണിച്ച പാർക്കിംഗ് സ്ഥലങ്ങൾ കച്ചവടകേന്ദ്രങ്ങളാക്കുന്ന പതിവ് രീതിക്ക് കുന്ദമംഗലത്ത് ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല.കുന്ദമംഗലം അങ്ങാടിയിൽ പാർക്കിംഗ് സ്ഥലങ്ങളില്ലാത്ത പുതിയ അനധികൃത ബഹുനിലകെട്ടിടങ്ങൾ വർദ്ധിച്ച് വരികയാണ്. അങ്ങാടിയിൽ മുക്കം റോഡ് തുടങ്ങുന്നിടത്ത് ഇടത് വശത്ത് ഒന്നാംനിലയിലുള്ള വലിയഹാളിനും കുറച്ചുകൂടി മുമ്പോട്ട് പോയാൽ വലത് വശത്തുള്ള ബഹുനിലകല്ല്യാണമണ്ഡപത്തിനും പ്രത്യേക പാർക്കിംഗ് സ്ഥലങ്ങളില്ല.ഇവിടങ്ങളിൽ പരിപാടികൾ നടക്കുമ്പോൾ റോഡിനിരുവശവുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുക. ‌ കെട്ടിടം നിർമ്മിക്കുമ്പോൾ റോഡിൽ നിന്ന് നിയമാനുസൃതം സ്ഥലം വിടുകയും അനുമതി ലഭിച്ച് കെട്ടിടം ഉയർന്ന് കഴിഞ്ഞാൽ റോഡിന് വിട്ട്കൊടുത്ത സ്ഥലത്ത് അനധികൃതമായി മുറികൾ നിർമ്മിച്ച് വാടകക്ക് കൊടുക്കുകയും ചെയ്യുന്നത് കുന്ദമംഗലത്തെ പ്രത്യേകതയാണ്. കുന്ദമംഗലം അങ്ങാടിക്ക് സമാന്തരമായി പഴയ കെട്ടിടങ്ങൾക്ക് പിറകിലൂടെ പണ്ട് കാലത്ത് ആളുകൾ നടക്കാറുള്ള ഇടവഴികളുണ്ടായിരുന്നു. പഴയ കെട്ടിടങ്ങൾ പുതുക്കിപണിതപ്പോൾ ഇടവഴികൾ സ്വകാര്യവ്യക്തികൾ തന്ത്രപൂർവ്വം കൊട്ടിയടച്ച് സ്വന്തമാക്കി. അവശേഷിക്കുന്നവയിൽ മാലിന്യങ്ങൾ നിറച്ച് സ‌ഞ്ചാരയോഗ്യമല്ലാതാക്കി.

അണ്ടർപാസും ഡിവൈഡറും

ഗതാഗതക്കുരുക്ക് സംബന്ധിച്ച് വിളിച്ചുചേർത്ത ഒരു യോഗത്തിൽ കുന്ദമംഗലം എയുപി സ്ക്കൂളിന് സമീപത്ത് നിലവിലുള്ള അണ്ടർപാസ് പരിശോധിച്ച് ഉപയോഗപ്രദമാക്കുവാനും ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കുവാനും ദേശീയപാത അധികൃതരെ ചുമതലപ്പെടുത്തിയിരുന്നു. ഗതാഗതക്കുരുക്കിന് സ്വൽപ്പം ആശ്വാസം ലഭിക്കുന്ന പദ്ധതിയായിരുന്നു അത്. പക്ഷെ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.

ടൗണിൽ 15 മീറ്റർ വീതിയുള്ള സ്ഥലങ്ങിൽ ഡിവൈ‌ഡർ സ്ഥാപിക്കുമെന്നും നാല് ട്രാക്ക് വരക്കുമെന്നൊക്കെ സർവ്വകക്ഷിയോഗങ്ങളിൽ അധികൃതർ വീമ്പിളക്കുകയല്ലാതെ പ്രാവർത്തികമാക്കാറില്ല. 2017ൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വിളിച്ചുചേർത്ത ഒരു സർവ്വകക്ഷിയോഗത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ കുന്ദമംഗലം അങ്ങാടിയിൽ ടൂവീലർ അല്ലാത്ത വാഹനങ്ങളുടെ പാർക്കിംഗ് പൂർണ്ണമായും നിരോധിക്കുവാൻ തീരുമാനമെടുത്തിരുന്നു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത പ്രസ്തുത യോഗത്തിൽ മുക്കം റോഡ് ജംഗ്ഷൻ മുതൽ എയുപി സ്ക്കൂളിന് മുൻവശം വരെ ഗ്യാപ്പില്ലാതെ ഡിവൈഡറുകൾ സ്ഥാപിക്കുവാനും തീരുമാനമെടുത്തിരുന്നു.പക്ഷെ അതൊന്നും നടപ്പിലാക്കുവാൻ ഇന്നേവരെ കഴിഞ്ഞിട്ടില്ല.

വരണം ബൈപ്പാസ്

കുന്ദമംഗലം അങ്ങാടിക്ക് സമാന്തരമായി ഒരു ബൈപ്പാസ് റോഡ്തന്നെയാണ് ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായിട്ടുള്ളത്.കാരന്തൂരിൽ നിന്ന് വടക്കുംതല വഴി പൂനൂർപുഴയോരത്തുകൂടെ പണ്ടാരക്കടവ് പാലത്തിന് സമീപത്തെത്തി വയനാട് റോഡിലെ പന്തീർപാടത്തേക്ക് എളുപ്പം പ്രവേശിക്കുന്ന തരത്തിലുള്ള ഒരു റോഡിനെക്കുറിച്ച് കാര്യമായ ഒരു ചർച്ചയും ഇന്നേവരെ നടന്നിട്ടില്ല. പൂനൂർ പുഴയോരം കെട്ടിപ്പൊക്കുകയാണെങ്കിൽ വലിയ റോഡും ലഭിക്കും പുഴക്ക് സംരക്ഷണമതിലുമാവും. പൂനൂർ പുഴയോരത്ത് താളിക്കുണ്ട് ഭാഗത്ത് ഇപ്പോൾതന്നെ പഞ്ചായത്ത്റോഡ് നിലവിലുണ്ട്.

സിറ്റി റോഡ് ഇംമ്പ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി പ്രവൃത്തി പൂർത്തീകരിച്ച പനയത്ത്താഴം സി ഡബ്ലിയു ആർ ഡി എം റോഡ് പെരിങ്ങൊളം ജംഗ്ഷൻ വരെ നീട്ടുന്നതിന് തീരുമാനമായിട്ടുണ്ട്. ഈ റോഡ് പെരിങ്ങൊളത്ത്നിന്ന് മുക്കം റോഡിലെ വരിട്ട്യാക്ക് വരെ നീട്ടിയാൽ കുന്ദമംഗലത്തെ തിരക്ക് കുറയും. പ്രാവർത്തികമാക്കാനുതകുന്ന തീരുമാനങ്ങളാണ് ഇതിന് വേണ്ടത്.