കോഴിക്കോട്: മൂക്ക് പൊത്താതെ വെള്ളയിൽ ഹാർബറിനുള്ളിലേക്ക് കടക്കാനാവില്ല. ഹാർബറിനുള്ളിൽ മലിനജലം കെട്ടി കിടക്കുന്നത് വർഷങ്ങളായുള്ള പരാതിയാണെങ്കിലും ഇതുവരെ പരിഹാരം കാണാനായിട്ടില്ല. ഹാർബറിൽ നിന്ന് വരുന്ന മലിനജലം ഒഴുകാൻ വേറെ വഴിയില്ലാത്തിനാൽ ഓവ് ചാലിലൂടെ കടലിലേക്ക് ഒഴുകുന്നതിന് പകരം ഹാർബറിൽ കെട്ടിക്കിടക്കുകയാണ്. ഹാർബറിന്റെ പല ഭാഗങ്ങളിലായി കെട്ടിക്കിടക്കുന്ന മലിനജലത്തിൽ പലപ്പോഴും പുഴുക്കൾ നിറയുന്നുണ്ട്. ഇതൊന്നും കൂടാതെ പുറത്ത് നിന്നുള്ള മാലിന്യവും ഇതിലേക്ക് കൊണ്ടു തള്ളുന്നതതിനാൽ ഹാർബ‌ർ മാലിന്യക്കടലിലെ ദ്വീപ് പോലെയായി.

നഗരത്തിലെ ഭൂരിഭാഗം മത്സ്യതൊഴിലാളികളും ആശ്രയിക്കുന്നത് വെള്ളയിൽ ഹാർബറിനെയാണ്. എന്നാൽ നിർമാണത്തിലെ അശാസ്ത്രീയതയും സാങ്കേതിക കാരണങ്ങളും കൊണ്ട് ഹാർബറിന്റെ പണി ഇത് വരെ പൂർത്തിയായിട്ടില്ല. നിലവിൽ ഹാർബറിലെ ഷെഡുകളിൽ പ്രവർത്തിക്കുന്ന മത്സ്യ തൊഴിലാളികളോട് സർക്കാർ നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറാൻ ആവശ്യപ്പെട്ടെങ്കിലും വാടക കൂടുതൽ കാരണം നടന്നില്ല. മന്ത്രിയുമായി ഈ വിഷയത്തിൽ ചർച്ച നടത്തിയിട്ടുണ്ട്. ഇതിന് പരിഹാരമായാലെ ഈ ഭാഗത്തുള്ള നിർമാണ പ്രവർത്തനങ്ങൾ സാധ്യമാവുകയുള്ളൂ.

പുലിമൂട്ടിൽ ഉടക്കി വികസനം

പുലിമുട്ട് നിർമാണത്തിലെ അപാകതയാണ് വെള്ളയിൽ ഹാർബർ നേരിടുന്ന പ്രധാന വെല്ലുവിളി. പുലിമുട്ടിന്റെ നീളം കൂട്ടണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയെങ്കിലും പരിഹാരനടപടികളുണ്ടായിട്ടില്ല. പുലിമുട്ട് നിർമിച്ചതിലെ പ്രശ്നം കാരണം തിരമാല അടിച്ചു കയറി ഹാർബറിൽ നിർത്തിയിട്ടിരുന്ന ഒട്ടേറെ ബോട്ടുകൾക്ക് കേടുപാട് പറ്റുകയും ചിലത് ഉപയോഗ ശൂന്യമാവുകയും ചെയ്തു. അതുകൊണ്ട് ഇവിടെ നിന്ന് മീൻപിടിത്തത്തിന് പോവുന്ന പലരും വീണ്ടും പുതിയാപ്പ ഹാർബറിനെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പുലിമുട്ടിന്റെ നീളം കൂട്ടണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം. 750ഉം 530ഉം മീറ്റർ നീളത്തിലുള്ള രണ്ട് പുലിമുട്ടുകളാണുള്ളത്. ഹാർബറിലേക്ക് ബോട്ടുകൾക്കുള്ള പ്രവേശനമാർഗം പടിഞ്ഞാറു ഭാഗത്ത് കൂടെയാണ്. ഇതാണ് തിരമാലകൾ അടിച്ച് കയറി വള്ളങ്ങൾ കരിങ്കല്ലിലും മറ്റും തട്ടി കേടുപാടുപറ്റാൻ കാരണം. പടിഞ്ഞാറുവടക്ക് ഭാഗത്തുള്ള പുലിമുട്ടിന്റെ നീളം 490 മീറ്റർ കൂടെ കൂട്ടണമെന്നാണ് ആവശ്യം.

ഹാർബറിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനായുള്ള കെട്ടിടം നിർമാണത്തിലാണ്. കൂടാതെ കോമ്പൗണ്ട് വാൾ, ഹാർബറിലേക്കെത്തുന്ന വാഹനങ്ങൾ നിർത്തിയിടാനായി പാർക്കിംഗ് ഏരിയ, ഡ്രൈയിനേജ് എന്നിവ നിർമിക്കും. നാല് മാസത്തിനുള്ളിൽ ഇത് പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്.