കോഴിക്കോട്: വോട്ടെണ്ണൽ ദിവസം ക്രമസമാധാന പ്രശ്നം കൈകാര്യം ചെയ്യാൻ കോഴിക്കോട് സിറ്റി പൊലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ മൂന്ന് ദിവസം കൂടി തുടരുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ എ. വി ജോർജ്ജ് പറഞ്ഞു.വോട്ടെണ്ണൽ ദിവസവും ഇന്നലെയും കാര്യമായ അക്രമ സംഭവങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും ചിലയിടങ്ങളിൽ ചെറിയ തോതിലുള്ള സംഘർഷാവസ്ഥ ഉണ്ടായിരുന്നു. എന്നാൽ കോഴിക്കോട് റൂറൽ പൊലീസ് ജില്ലയിൽ യു.ഡി.എഫ് ആഹ്ളാദ പ്രകടനത്തിന് നേരെ പലയിടങ്ങളിലും ആക്രമണമുണ്ടായി. ഇത് കൂടി കണക്കിലെടുത്താണ് മൂന്ന് ദിവസം കൂടി നീട്ടുന്നത്.
പൊലീസ് സേനയെ വിന്യസിക്കുന്നതിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
56 മൊബൈൽ യൂണിറ്റുകളെയാണ് സിറ്റി പൊലീസിന്റെ പരിധിയിൽ വിന്യസിച്ചിരുന്നത്.ഇതിൽ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ നിയോഗിച്ചവരെ മറ്റ് മേഖലകളിലേക്ക് മാറ്റി. ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ സാദ്ധ്യതയുള്ള മേഖലകളിലേക്കാണ് മാറ്റി നിയോഗിച്ചിട്ടുള്ളത്.
12 സ്ട്രൈക്കിംഗ് ഫോഴ്സും തുടരും. കുഴപ്പമുണ്ടാകാൻ സാദ്ധ്യത ഉണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങളിലാണ് സ്ട്രൈക്കിംഗ് ഫോഴ്സിനെ നിയോഗിച്ചിരിക്കുന്നത്.അക്രമ സംഭവങ്ങൾ ഉണ്ടായാൽ കൈകാര്യം ചെയ്യാൻ പ്രത്യേക പരിശീലനം ലഭിച്ച ബറ്റാലിയനിൽ നിന്നുള്ള പൊലീസ് സംഘമാണ് സ്ട്രൈക്കിംഗ് ഫോഴ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജനങ്ങൾ തടിച്ച് കൂടുന്ന സ്ഥലങ്ങളിൽ മഫ്‌തിയിലും പൊലീസ്‌കാരെ നിയോഗിച്ചിട്ടുണ്ട്..കുഴപ്പമുണ്ടാക്കുന്നവരെ കണ്ടെത്താൻ വേണ്ടിയാണ് മഫ്‌തിയിൽ പൊലീസ്‌കാരെ നിയോഗിച്ചിരിക്കുന്നത്. ബറ്റാലിയനിൽ നിന്നുള്ള വനിതാ പൊലീസും ഡ്യൂട്ടിയിൽ ഉണ്ട്. .മൊത്തം 600 ലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് പ്രത്യേകമായി ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം വരെ പ്രത്യേക ക്രമസമാധാന സംവിധാനം തുടരാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. മൂന്ന് ദിവസങ്ങൾക്ക് ശേഷം വീണ്ടും സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷം മാത്രമെ സേനയെ തിരിച്ചയക്കുകയുള്ളു.