വടകര: അഴിയൂർ ഗ്രാമ പഞ്ചായത്തിലെ 13, 14 വാർഡുകളിലെ സ്നേഹതീരം കടൽ തീരത്ത് വർദ്ധിച്ച് വരുന്ന മദ്യം, മയക്ക് മരുന്ന് ഉപഭോഗം തടയുന്നതിന് പഞ്ചായത്ത്- പൊലിസ്- എക്‌സൈസ് വകുപ്പുകളുടെ നേത്യത്തിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ചു. ആരോഗ്യജാഗ്രത പരിപാടിയുടെ ഭാഗമായി തീരപ്രദേശ ശുചീകരണത്തിൽ വലിയ രീതീയിൽ മദ്യകുപ്പികളും, മയക്ക് മരുന്ന് ഉപയോഗിച്ച സിറിഞ്ചുകളും കണ്ടതിനെ തുടർന്നാണ് പഞ്ചായത്ത് മുൻകൈ എടുത്ത് വിമുക്തി പദ്ധതിയിൽ ഉൾപ്പെടുത്തി ജനകീയ കൺവെൻഷൻ നടത്തിയത്.

സമീപ പ്രദേശങ്ങളിൽ നിന്നും മദ്യം കഴിക്കാൻ സ്നേഹ തീരത്ത് എത്തിയാൽ തടയുമെന്ന് കൺവെൻഷനിൽ പങ്കെടുത്ത സ്ത്രീകൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മേയ് 30ന് വൈകീട്ട് കടലോര സ്ത്രീജാഗ്രതാ പരിപാടി നടത്തും. പ്രദേശവാസികളുടെ നേതൃത്വത്തിൽ രണ്ട് സ്‌ക്വാഡുകൾ രൂപീകരിച്ചു. കടൽ തീരത്ത് താൽക്കാലികമായി കെട്ടിയ ഷെഡ്ഡുകളും, ഏറുമാടങ്ങളും പൊളിച്ച് മാറ്റും. പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ്ജ് റീന രയരോത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഉഷ ചാത്താംങ്കണ്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ എ.ടി ശ്രീധരൻ, പഞ്ചായത്ത് മെമ്പർ വി.പി ജയൻ, പഞ്ചായത്ത് സിക്രട്ടറി ടി ഷാഹുൽ ഹമീദ്, ചോമ്പാല എസ്.ഐ നസീർ കെ.വി, എക്സൈസ് പ്രിവന്റിവ് ഓഫീസർ സോമസുന്ദരൻ, പ്രിയേഷ് മാളിയക്കൽ, ശുഭീഷ് എന്നിവർ സംസാരിച്ചു. ഒ.ടി ബാബു, ശുഭീഷ് എന്നിവരുടെ നേതൃത്വത്തിൽ പുരുഷ സ്‌ക്വാഡും, ശശി പ്രഭ, സരള ടി.വി എന്നിവരുടെ നേതൃത്വത്തിൽ വനിത സ്‌ക്വാഡും രൂപീകരിച്ചു. സ്നേഹതീരം കടൽ തീരത്ത് ഉത്തരവാദിത്ത ടൂറിസം പദ്ധതി ആരംഭിക്കുവാൻ സ്ഥലം അളന്ന് തിട്ടപ്പെടുത്തി കിട്ടുവാൻ വടകര തഹസിൽദാർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.