കോഴിക്കോട്: ജലസംഭരണം, ആരോഗ്യ സംരക്ഷണം, മാലിന്യനിർമ്മാർജ്ജനം എന്നിവയ്ക്ക് ഊന്നൽ നൽകി ജില്ലയിൽ ശുചിത്വ കോൺഫറൻസ് നടത്തും. ജില്ലയെ മാലിന്യമുക്തമാക്കാനുള്ള നൂതനപദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനും വിലയിരുത്തുന്നതിനുമായി എല്ലാ മാസവും 25 ന് മന്ത്രിയുടെയും തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് കോൺഫറൻസ് ചേരുക. സ്വച്ച് ഭാരത് മിഷന്റെ ഭാഗമായി സീറോ വേസ്റ്റ് പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന എം.സി.എഫ്, എം.ആർ.എഫ് പദ്ധതികളുടെ പ്രവർത്തനം കാര്യക്ഷമമായി ആരംഭിക്കാനുള്ള നടപടികൾ ശുചിത്വ കോൺഫറൻസിന്റെ ഭാഗമായി സ്വീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് ശുചിത്വ പദ്ധതി ജില്ലയിൽ നടപ്പിലാക്കുക.
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി സമഗ്ര ശുചീകരണമാണ് ഇത്തവണ കോൺഫറൻസ് ചർച്ച ചെയ്യുക. എല്ലാ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഏതൊക്കെ പദ്ധതികൾ മാലിന്യ സംസ്‌കരണത്തിനായി സമർപ്പിച്ചിട്ടുണ്ട് എന്നും യോഗത്തിൽ പരിശോധിക്കും. മാലിന്യ സംസ്‌കരണ പ്ലാന്റ്, പൊതുശൗചാലയം തുടങ്ങിയവയുടെ പുരോഗതിയും മാലിന്യ നിർമ്മാർജ്ജനവും ആയി ബന്ധപ്പെട്ട പുതിയ പദ്ധതികൾ കണ്ടെത്താൻ കഴിയുമോ എന്നും പരിശോധിക്കും. പൊതുശൗചാലയങ്ങൾ പരിപാലിക്കാനുള്ള നടപടികൾക്ക് മുൻഗണന നൽകും.
ഇന്ന്നടക്കുന്ന യോഗത്തിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ജില്ലയിൽ നടപ്പാക്കിയ ശുചിത്വ പദ്ധതികൾ വിലയിരുത്തും. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശുചിത്വ കോൺഫറൻസ് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ സീറാം സാമ്പശിവ റാവു മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ സി. കബനി, പ്രോഗ്രാം ഓഫീസർ കൃപ വാര്യർ എന്നിവർ ശുചിത്വ പദ്ധതികളുടെ അവലോകനവും റിപ്പോർട്ട് അവതരണവും നടത്തും. ശുചിത്വമിഷൻ ടെക്നിക്കൽ കൺസൾട്ടന്റ് രശ്മി സി.കെ മാലിന്യ സംസ്‌കരണത്തിന്റെ സാങ്കേതിക വശങ്ങളും സബ്സിഡി മാനദണ്ഡങ്ങളും വിശദീകരിക്കും. ജില്ലാ പ്ലാനിംഗ് ഓഫീസർ എം.എ ഷീല പദ്ധതിയെക്കുറിച്ച് സമഗ്രമായി അവതരിപ്പിക്കും.