കോഴിക്കോട്: കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ നോട്ടയ്ക്ക് നാലാം സ്ഥാനം ലഭിച്ചു. വിജയിച്ച എം.കെ രാഘവനും രണ്ടാം സ്ഥാനം ലഭിച്ച എ പ്രദീപ്‌കുമാറിനും എൻ.ഡി.എ സ്ഥാനാർത്ഥി കെ.പി പ്രകാശ് ബാബുവിനും പിറകെ 3456 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചു.

ബി.എസ്.പി , എസ്.യു.സി.ഐ പാർട്ടികളേക്കാൾ കൂടുതൽ വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്.ബി.എസ്.പി സ്ഥാനാർത്ഥി കെ രഘുവിന് 2299 വോട്ടുകളെ ലഭിച്ചുള്ളു.എസ്.യു.സി.ഐ സ്ഥാനാർത്ഥി എ. ശേഖർ 1031 വോട്ടുകൾ മാത്രമാണ് നേടിയത്.

വൻ കോലാഹലത്തോടെയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായ നുസറത്ത് ജഹാൻ പ്രചാരണം നടത്തിയത്. എന്നാൽ അവർക്ക് നേടാനായത് 558 വോട്ടുകൾ മാത്രം .നോട്ടയുടെ ആറിലൊന്ന് വോട്ടുകൾ. കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നാലാം സ്ഥാനത്ത് നോട്ട തന്നെയാണ്.

എന്നാൽ വടകര പാർലമെന്റ് മണ്ഡലത്തിൽ നോട്ട അഞ്ചാം സ്ഥാനത്താണ്. നാലാം സ്ഥാനം എസ്.ഡി.പി.ഐ സ്ഥാനാർത്ഥി മുസ്തഫ കൊമ്മേരിക്കാണ്. മുസ്തഫ കൊമ്മേരി 5544 വോട്ടുകൾ സ്വന്തമാക്കി. നോട്ടയ്ക്ക് 3391 വോട്ടുകളാണ് ലഭിച്ചത്. എസ്.ഡി.പി.ഐ കഠിനാദ്ധ്വാനം ചെയ്താണ് ഇത്രയും വോട്ടുകൾ നേടിയത്.നോട്ടയാകട്ടെ യാതൊരു പ്രചാരണ പ്രവർത്തനവും ഇല്ലാതെയാണ്. എൻ.എൽ.പി സ്ഥാനാർത്ഥി എ. പി.ജതീഷിന് 2833 വോട്ടും സി.പി.ഐ എം എൽ സ്ഥാനാർത്ഥി കെ സുധാകരൻ 507 വോട്ടും നേടി.