കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ മികവാർന്ന ജയം സമ്മാനിച്ച വോട്ടർമാർക്ക് നന്ദി അറിയിച്ചു എം.കെ രാഘവൻ മണ്ഡലത്തിൽ പര്യടനം നടത്തി. എതിരാളികളുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ് സുമനസ്സുകൾ ഹൃദയത്തിലേറ്റി പാർലമെന്റ് അംഗമായി തിരഞ്ഞെടുത്തതിന് വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയുക്കുയായിരുന്നു അദ്ദേഹം.

കുന്ദമംഗലം, കൊടുവള്ളി മണ്ഡലങ്ങളിലായിരുന്നു ഇന്നലെ പര്യടനം നടത്തിയത്. കാരന്തൂരിൽ നിന്നും തുടങ്ങിയ റോഡ് ഷോ കുന്ദമംഗലം പട്ടണത്തിലൂടെ ഹർഷാരവം മുഴക്കിയാണ് കടന്നു പോയത്. വഴിയോരങ്ങളിൽ നൂറുക്കണക്കിനാളുകൾ തങ്ങളുടെ നേതാവിനെ കാണാനുണ്ടായിരുന്നു. ചൂലാംവയൽ, പതിമംഗലം, പടനിലം വഴിയായിരുന്നു പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലേറിയുള്ള റോഡ് ഷോ. പടനിലത്ത് വൻ ജനാവലിയായിരുന്നു എം.കെ രാഘവനെ കാത്ത് നിന്നത്. പ്രവർത്തകർ സെൽഫിയെടുത്തും കെട്ടിപിടിച്ചും തങ്ങളുടെ എം.പിയോടൊപ്പം സന്തോഷം പങ്കുവച്ചു.
ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയ കൊടുവള്ളി മണ്ഡലത്തിൽ ഉജ്ജ്വല സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. കൊടുവള്ളി മണ്ഡലത്തിലെ പ്രവേശന കവാടമായ ചക്കാലക്കൽ മുതൽ നൂറുക്കണക്കിന് യു.ഡി.എഫ് പ്രവർത്തകർ അനുഗമിച്ചു. മടവൂർ, നരിക്കുനി, കിഴക്കോത്ത്, എളേറ്റിൽ വട്ടോളി വഴി പൂനൂരിലെത്തി. തുടർന്ന് കട്ടിപ്പാറ, വി.ഒ.ടി, ചമൽ വഴി താമരശ്ശേരിയിലാണ് ഇന്നലെത്തെ പര്യടനം സമാപിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം നൂറുക്കണക്കിനാളുകൾ തങ്ങളുടെ നേതാവിനെയും കാത്ത് വഴിയോരങ്ങളിലുണ്ടായിരുന്നു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വാദ്യമേളങ്ങളോടെയും കരിമരുന്ന് പ്രയോഗങ്ങളോടെയുമാണ് എം.കെ രാഘവനെ സ്വീകരിച്ചത്.
യു.ഡി.എഫ് ജില്ലാ കൺവീനർ എം.എ റസാഖ് , കെ.പി ബാബു, പി.എം നിയാസ്, കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി.എം ഉമ്മർ , യു.ഡി.എഫ് നേതാക്കളായ യു.സി രാമൻ, കെ.സി അബു, ഖാലിദ് കിളിമുണ്ട, പി.സി ഹബീബ് തമ്പി, ഐ.പി രാജേഷ്, ഭരതൻ , സി മാധവദാസ്, മൊയ്തീൻ , എം.കെ കേളുക്കുട്ടി, ബാബുമോൻ, ഒ ഹുസൈൻ, ബാബു നെച്ചൂളി, പി.പി കുഞ്ഞായിൻ തുടങ്ങി നിരവധി നേതാക്കളും എം.കെ രാഘവനെ അനുഗമിച്ചു.
ഇന്ന് ഉച്ചക്ക് 2.30 ന് എലത്തൂർ മണ്ഡലത്തിലെ കക്കോടി പാലം, ചേളന്നൂർ, കാക്കൂർ, നൻമണ്ട തുടർന്ന് ബാലുശ്ശേരി മണ്ഡലത്തിലെ കരിയാത്തൻകാവ്, ഇയ്യാട്, ഏകരൂൽ, അറപ്പീടിക, ബാലുശ്ശേരി മുക്ക്, ബാലുശ്ശേരി. കോക്കല്ലൂർ, ഉള്ളിയേരി, തെരുവത്ത് കടവ്, നടുവണ്ണൂർ, കൂട്ടാലിട, കായണ്ണ, കൂരാച്ചുണ്ട് തുടങ്ങിയ സ്ഥലങ്ങളിലും പര്യടനം നടത്തും.