വടകര: കീഴല്‍ ആര്യണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് നേരെ വധശ്രമം. സി.പി.എമ്മാണ് അക്രമത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. ഗുരുതരമായി പരുക്കേറ്റ തൊള്ളം പറമ്പത്ത് സുലേഷ് (36) നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . വ്യാഴാഴ്ച്ച രാത്രി 10.30 ഓടെ ആര്യണ്ണൂര്‍ പള്ളിക്ക് സമീപം അക്രമികള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് സുലേഷിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു . ഇയാളുടെ ഇരുകാലുകള്‍ക്കും കൈകള്‍ക്കും വെട്ടേറ്റു. ഇരുമ്പ് പൈപ്പ് കൊണ്ടുള്ള അടിയേറ്റ് വാരിയെല്ലുകളും തകര്‍ന്നു. തൊട്ടടുത്ത പള്ളിയില്‍ നിന്നും ആളുകള്‍ ഓടിയെത്തിയപ്പോള്‍ ആക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ആര്‍എസ്എസ്സിന്റെയും , ബി ജെ പി യുടെയും സജീവ പ്രവര്‍ത്തകനായിരുന്നു സുലേഷ്. സുലേഷിനു നേരെ നടന്ന വധശ്രമത്തില്‍ ബിജെപി കുറ്റ്യാടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പു പരാജയം മൂലമുണ്ടായ വിഭാഗീയത മറച്ചു വെക്കാന്‍ സി.പിഎം അക്രമത്തെ മറയാക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആര്‍എസ്എസ് മേമുണ്ട മണ്ഡല്‍ കാര്യകാരി ആവശ്യപ്പെട്ടു.