പേരാമ്പ്ര : ഇടതു കോട്ടകൾ ഇളക്കിമറിച്ച് വടകരയിൽ ചരിത്ര വിജയം നേടിയ നിയുക്ത എംപി കെ. മുരളീധരന് പേരാമ്പ്രയിൽ യുഡിഎഫ് പ്രവർത്തകർ ആവേശോജ്ജ്വല സ്വീകരണം നൽകി. ഫല പ്രഖ്യാപനത്തിന് ശേഷം വോട്ടർമാരെ നേരിൽ കാണാനെത്തിയതായിരുന്നു മുരളീധരൻ. നിയോജക മണ്ഡലത്തിന്റെ അതിർത്തിയായ ചെറിയ കുമ്പളത്തു നിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർ മുരളിയെ ആനയിക്കുകയായിരുന്നു. ചെറിയ കുമ്പളം, പാലേരി, പാറക്കടവ്, കടിയങ്ങാട്, കൂത്താളി, കല്ലോട് എന്നിവിടങ്ങളിലും റോഡിന് ഇരുവശവും കത്തു നിന്ന നൂറു കണക്കിന് നാട്ടുകാരുടെ സ്വീകരണം ഏറ്റുവാങ്ങി പേരാമ്പ്ര പട്ടണത്തിലെത്തിയ മുരളീധരനെ കാണാൻ നിരവധി ആളുകൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കെപിസിസി സെക്രട്ടറി അഡ്വ. കെ. പ്രവീൺ കുമാർ, നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എസ്.കെ. അസ്സയ്‌നാർ, കൺവീനർ പി.ജെ. തോമസ്, സിപിഎ അസീസ്, മുനീർ എരവത്ത്, സത്യൻ കടിയങ്ങാട്, എം.കെ. അബ്ദുറഹ്മാൻ, രാജൻ മരുതേരി, ടി.കെ. ഇബ്രായി, പി.പി. രാമകൃഷ്ണൻ, മൂസ്സ കോത്തമ്പ്ര, വാസു വേങ്ങേരി തുടങ്ങിയവർ എംപിക്കൊപ്പമുണ്ടായിരുന്നു.
മിക്ക പഞ്ചായത്തുകളിലും ലീഡ്
പേരാമ്പ്ര:ഇടതു കോട്ടകളെ ഇളക്കി മറിച്ചാണ് മുരളീധരൻ വടകരയിൽ വിജയക്കൊടി പാറിച്ചത് .
വാശിയേറി മത്സരം നടന്ന വടകര ലോക്‌സഭാ മണ്ഡലത്തിൽ
മിക്ക നിയോജക മണ്ഡലങ്ങളും യുഡിഎഫിനൊപ്പം നിന്നു. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ നാലായിരത്തിൽപരം വോട്ടുകൾക്ക് വിജയിച്ച പേരാമ്പ്രയിൽ മുരളീധരന് 13204 വോട്ടിന്റെ മുൻതൂക്കം ലഭിച്ചു. ഇടതുപക്ഷത്തിന്റെ പഞ്ചായത്തുകളിൽ പോലും മുരളീധരന് മേൽകൈ നേടാനായി. പത്ത് പഞ്ചായത്തുകളിൽ ഏഴും യുഡിഎഫിനൊപ്പം നിന്നപ്പോൾ എൽഡിഎഫിനൊപ്പം നിന്ന പഞ്ചായത്തുകളിൽ നിന്ന് തുച്ഛമായ മുൻതൂക്കം മാത്രമേ പി. ജയരാജന് ലഭിച്ചുള്ളൂ. വോട്ടെണ്ണിയപ്പോൾ ചങ്ങരോത്ത് പഞ്ചായത്തിൽ നിന്ന് യുഡിഎഫിന് (5356) ചക്കിട്ടപാറ (1512), കൂത്താളി (1395), പേരാമ്പ്ര (2430), ചെറുവണ്ണൂർ (1730), തുറയൂർ (1099), കീഴരിയൂർ (616) എന്നിങ്ങനെ യുഡിഎഫിന് ലീഡ് ലഭിച്ചപ്പോൾ എൽഡിഎഫിന് നൊച്ചാട് (650), മേപ്പയ്യൂർ (450), അരിക്കുളം (81) എന്നീ പഞ്ചായത്തുകളിൽ മാത്രമേ പോസ്റ്റൽവോട്ട് ഉൾപ്പെടുത്താതെയുള്ള കണക്കിൽ
ലീഡ് നേടാനായുള്ളൂ.