കോഴിക്കോട്: "വോട്ടെണ്ണലിന്റെ അന്ന് രാവിലെ മോള് വിളിച്ചിരുന്നു. എണ്ണാൻ തുടങ്ങുകയാണെന്ന് പറഞ്ഞു. വേഗം കുളിച്ച് ടി.വിയുടെ മുന്നിൽ വന്നപ്പോൾ കാണുന്നത് പി.കെ ബിജുവിന്റെ ലീഡ് ആണ്. ആകെ അങ്കലാപ്പായി. അധികം വൈകാതെ തന്നെ സ്ഥിതി മാറിത്തുടങ്ങിയപ്പോൾ സന്തോഷത്തിന് അതിരില്ലാതായി". തിളങ്ങുന്ന കണ്ണുകളുമായി സന്തോഷം പങ്കുവെയ്ക്കുകയാണ് ആലത്തൂർ മണ്ഡലത്തിലെ വിജയി രമ്യ ഹരിദാസിന്റെ അമ്മ രാധ.
മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് അവർ. "രാഷ്ട്രീയത്തിൽ വന്ന ശേഷം ഞാനായാലും മോളായാലും നല്ലതുമാത്രമേ ചെയ്തിട്ടുള്ളൂ. ഞാനാണ് എന്റെ മോളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്നായിരുന്നു കരുതിയത്. എന്നാൽ ആലത്തൂരെ ജനങ്ങൾ അവൾക്ക് കൊടുക്കുന്ന സ്നേഹം അതിൽ കൂടുതലാണ്. പെങ്ങളൂട്ടി എന്ന അവരുടെ വിളിയിൽ കളങ്കമൊന്നുമില്ല എന്നത് ഞാൻ നേരിട്ട് കണ്ടതാണ്. അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റണം, കിട്ടുന്ന സ്നേഹം തിരിച്ചും നൽകാൻ കഴിയണം എന്നതുമാത്രമാണ് ഇപ്പോഴത്തെ ആഗ്രഹം".
കുറ്റിക്കാട്ടൂരെ രമ്യ ഹരിദാസിന്റെ വീട്ടിൽ ഒന്നൊഴിയാതെ വിരുന്നുകാരാണ്. കുടുംബക്കാരും പാർട്ടി പ്രവർത്തകരും മാദ്ധ്യമപ്രവർത്തകരും തുടങ്ങി ദൂരങ്ങളിൽ നിന്നും ഇവരെ കാണാനും സന്തോഷം പങ്കിടാനും എത്തിച്ചേരുന്നവരും. നാടും നാട്ടുകാരും കുടുംബം തന്നെയാണ് രമ്യയ്ക്ക്. തിരിച്ചും അങ്ങനെതന്നെ. വീടിനുള്ളിലേക്ക് കയറിയാൽ കുറെ സ്കൂൾ ബാഗുകളും ബോക്സുകളും കാണാം. എല്ലാ വർഷത്തേയും പോലെ അംഗനവാടി കുട്ടികൾക്കായി വാങ്ങിയതാണ്. തിരഞ്ഞെടുപ്പിന്റെ ചൂടിനിടയിലും കുറെയൊക്കെ കുട്ടികൾക്ക് കൊടുത്തു. ഇനിയും കൊടുക്കാനുണ്ട്.
"ചേച്ചി നോമിനേഷൻ കൊടുത്തത് തന്നെ അപ്രതീക്ഷിതമായിരുന്നു. എം.കെ രാഘവന്റെ പോസ്റ്റർ ഒട്ടിക്കാൻ ഉത്സാഹിച്ച് നടക്കുകയായിരുന്നു. രാഹുൽഗാന്ധി, ശശി തരൂർ വലിയ ആളുക്കാരുടെയൊക്കെ പേരിനൊപ്പം ചേച്ചിയുടെ പേരും. ആലത്തൂരിൽ പോയിരുന്നു, അനിയനാണ്, അമ്മയാണ് എന്നൊക്കെ പറയുമ്പോൾ തന്നെ അവർക്ക് വലിയ കാര്യമാണ്". അനിയൻ രജിൽ പറയുന്നു.
ആറുവർഷങ്ങൾക്ക് മുൻപ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന 'ടാലന്റ് ഹണ്ട്' എന്ന പരിപാടിയിലൂടെയാണ് രമ്യ ശ്രദ്ധിക്കപ്പെടുന്നത്. സാധാരണ കുടുംബത്തിൽ ജനിച്ച രമ്യ ജവഹർ ബാലജനവേദിയിലൂടെയാണ് സംഘടനാ രംഗത്തെത്തുന്നത്. വിദ്യാഭ്യാസ കാലഘട്ടത്തിൽ കെ.എസ്.യുവിൽ പ്രവർത്തിച്ചു. കെ.എസ്.യു പെരുവയൽ മണ്ഡലം സെക്രട്ടറിയായിരുന്നു. മ്യൂസിക് ബിരുദധാരിയായ രമ്യ കലോത്സവ വേദികളിലും നൃത്ത അദ്ധ്യാപികയായും വേഷമിട്ടു. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന് ശേഷം രമ്യ യൂത്ത്കോൺഗ്രസിൽ സജീവമായി.
യൂത്ത് കോൺഗ്രസ് പെരുവയൽ മണ്ഡലം സെക്രട്ടറി, കുന്ദമംഗലം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി, കോഴിക്കോട് പാർലമെന്റ് മണ്ഡലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇക്കാലത്ത്തന്നെ ആദിവാസി മേഖലകളിലേക്കും രമ്യ തന്റെ പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. 'ടാലന്റ് ഹണ്ട്' രമ്യയെ യൂത്ത്കോൺഗ്രസ് അഖിലേന്ത്യാ കോർഡിനേറ്ററുടെ പദവിയിലും എത്തിച്ചു. കേരളത്തിൽ നിന്ന് രമ്യയടക്കം നാല് പേർ മാത്രമാണ് ഈ പദവിയിലുള്ളത്. 2015 മുതൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. ഇരുപത്തി ഒൻപതാം വയസ്സിലാണ് രമ്യ ഈ പദവിയിലേക്കെത്തുന്നത്.
വീട്ടിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും അടുത്ത അതിഥി കൂടിയെത്തി. ശശി, വടകര മണിയൂർ സ്വദേശിയാണ്. മണ്ഡലം വടകരയാണെങ്കിലും രമ്യയ്ക്കുവേണ്ടി പ്രാർത്ഥിച്ചയാൾ. "നോമിനേഷൻ കൊടുത്തത് മുതൽ ഞാനും ഭാര്യയും പ്രാർത്ഥനയാണ്. രാവിലെ പത്രത്തിൽ ആ നിഷ്കളങ്ക മുഖം കണ്ടതുമുതൽ ഇരിപ്പുറച്ചില്ല. നേരെ ബസ് കേറി വന്നു" ലക്ഷ്യത്തിൽ എത്തിയതിന്റെ അഭിമാനത്തിലാണ് അദ്ദേഹം.