കോഴിക്കോട്: സമ്പൂര്‍ണ്ണ സീറോ വേസ്റ്റ് ജില്ലയായി കോഴിക്കോട് മാറണമെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച ശുചിത്വ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒരു വര്‍ഷം നീളുന്ന മാലിന്യ വിമുക്ത പരിപാടികള്‍ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പഞ്ചായത്ത് തലത്തിലും ആരോഗ്യ ജാഗ്രതാ കമ്മിറ്റികള്‍ ശക്തമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്ലാനിംഗ് ഓഫീസ് ഹാളില്‍ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ സീറാം സാമ്പശിവ റാവു മുഖ്യപ്രഭാഷണം നടത്തി.

ജലസംഭരണം, പൊതുജനാരോഗ്യ സംരക്ഷണം, മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് ശുചിത്വ കോണ്‍ഫറന്‍സ്. ജില്ലയെ മാലിന്യമുക്തമാക്കാനുള്ള നൂതനപദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനും വിലയിരുത്തുന്നതിനുമായി എല്ലാ മാസവും 25 ന് മന്ത്രിയുടെയും തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ കോണ്‍ഫറന്‍സ് നടത്തും. സ്വച്ച് ഭാരത് മിഷന്റെ ഭാഗമായി സീറോ വേസ്റ്റ് പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന എം.സി.എഫ്, എം.ആര്‍.എഫ് പദ്ധതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി ആരംഭിക്കാനുള്ള നടപടികള്‍ ശുചിത്വ കോണ്‍ഫറന്‍സിന്റെ ഭാഗമായി സ്വീകരിക്കും.

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവര്‍ സമര്‍പ്പിച്ച മാലിന്യ സംസ്‌കരണ പദ്ധതികള്‍ യോഗത്തില്‍ പരിശോധിച്ചു. മാലിന്യ സംസ്‌കരണ പ്ലാന്റ്, പൊതുശൗചാലയം തുടങ്ങിയവയുടെ പുരോഗതിയും മാലിന്യ നിര്‍മ്മാര്‍ജ്ജനവും ആയി ബന്ധപ്പെട്ട പുതിയ പദ്ധതികളും ചര്‍ച്ച ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ജില്ലയില്‍ നടപ്പാക്കിയ ശുചിത്വ പദ്ധതികള്‍ വിലയിരുത്തിയ യോഗത്തില്‍ ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി. കബനി, പ്രോഗ്രാം ഓഫീസര്‍ കൃപ വാര്യര്‍ എന്നിവര്‍ ശുചിത്വ പദ്ധതികളുടെ അവലോകനവും റിപ്പോര്‍ട്ട് അവതരണവും നടത്തി. അഡിഷണല്‍ ഡി.എം.ഒ ഡോ ആശാ ദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ്, അസി കളക്ടര്‍ ഡി.ആര്‍ മേഘശ്രീ , എഡിഎം ഇ.പി മേഴ്‌സി, എം.എന്‍.ആര്‍.ജി ജെ.പി.സി അബ്ദുള്‍ അസീസ്, സി കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ് ഗോപകുമാര്‍, മുനിസിപ്പാലിറ്റി ചെയര്‍മാൻമാര്‍, സെക്രട്ടറിമാര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.