കോഴിക്കോട്: പല ഗൾഫ് രാജ്യങ്ങളിൽ നിന്നും ഈത്തപ്പഴങ്ങൾ കേരളത്തിൽ എത്തുന്നുണ്ടെങ്കിലും രാജാക്കന്മാർ സൗദി അറേബ്യൻ ഇനങ്ങൾ തന്നെ. നോമ്പ് തുറയുടെ മധുരം കൂട്ടാൻ അറേബ്യൻ രുചി തന്നെ വേണമെന്നാണ് വിശ്വാസികൾ പറയുന്നത്.

മറിയം, സാഫാവി, അജവ, സഖായി,സുക്കാറി, സാഹിദി,മെജോദുൽ , ഖുദ്രി തുടങ്ങിയ ഇനങ്ങൾക്കെല്ലാം വൻ വിലയാണെങ്കിലും വലിയ ഡിമാന്റാണ്. ഔഷധ ഗുണമേന്മയേറിയ അജവ ഈത്തപ്പഴങ്ങൾക്കാണ് വില കൂടുതൽ.കിലോഗ്രാമിന് 1200 രൂപ മുതലാണ് ഇവയുടെ വില. നല്ലയിനം അജവയ്ക്ക് 2000 രൂപ വരെ വിലയുണ്ട്. നല്ലയിനം അജവ ഈത്തപ്പഴങ്ങൾ സാധാരണ ഗതിയിൽ കോഴിക്കോടൻ മാർക്കറ്റിൽ ലഭിക്കാൻ പ്രയാസമാണ്. റംസാൻ കാലമായതോടെ പ്രധാനപ്പെട്ട ഡ്രൈഫ്രൂട്ട് കടകളിലെല്ലാം അജവ ലഭിക്കുന്നുണ്ട്. നോമ്പ് തുറയ്ക്ക് ഒഴിച്ച് കൂടാനാവാത്തതാണ് ഈത്തപ്പഴം. സമ്പന്നന്മാർ നോമ്പ് തുറയ്ക്ക് പകിട്ട് കാണിക്കാൻ അജവ തന്നെ നിരത്തും. സൗദി അറേബ്യയ്ക്ക് പുറമെ ഇറാൻ, ഒമാൻ, ഇറാക്ക്, അൾജീരിയ , ടുണീഷ്യ എന്നീ രാജ്യങ്ങളിൽ നിന്നെല്ലാം ഈത്തപ്പഴം ഇറക്കുമതി ചെയ്യുന്നുണ്ട്.ഓരോ രാജ്യത്തിലെയും ഈത്തപ്പഴങ്ങളുടെ രുചിയും നിറവും വ്യത്യസ്തമാണ്. വിലയിലും വലിയ അന്തരമുണ്ട്.

ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഈത്തപ്പഴങ്ങൾക്കാണ് ഏറ്റവും വിലക്കുറവ്. 80 രൂപ മുതൽ ഇറാനിയർ ഈത്തപ്പഴങ്ങൾ ലഭിക്കും. നല്ലയിനങ്ങൾക്ക് 200 രൂപ നൽകിയാൽ മതി.ആവശ്യക്കാർ കൂടുതൽ ഉള്ളതും ഇറാനിയൻ ഈത്തപ്പഴങ്ങൾക്ക് തന്നെയാണ്. വിലക്കുറവ് തന്നെയാണ് ഇറാനിയൻ ഈത്തപ്പഴങ്ങളുടെ പ്രധാന ആകർഷകത. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഈത്തപ്പഴങ്ങൾ എത്തുന്നത് വലിയങ്ങാടിയിൽ നിന്നാണ്.