കോഴിക്കോട്: ബീച്ച് ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ നഗരത്തിലെ കോച്ചിംഗ് സെന്ററുകളിൽ മിന്നൽ പരിശോധന നടത്തി. കോച്ചിംഗ് സെൻററുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൻറെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഫയർഫോഴ്സ് ഇന്ന് രാവിലെ മുതൽ പരിശോധന നടത്തിയത്. പല കോച്ചിംഗ് സെൻററുകളിലും സുരക്ഷാസംവിധാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് പരിശോധനയിൽ ഫയർഫോഴ്സിന് ബോധ്യമായി. ഇത്തരം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കൂടാതെ ദുരന്തനിവാരണ അതോറിറ്റിയ്ക്കും കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടേയും വിശദവിവരങ്ങൾ സഹിതം റിപ്പോർട്ട് നൽകാനാണ് ഫയർഫോഴ്സ് തീരുമാനിച്ചത്. സൂററ്റിലെ കോച്ചിംഗ് സെൻററിന് തീപിടിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും മരിച്ച സംഭവത്തെ തുടർന്നാണ് പരിശോധന.

നഗരത്തിൽ ശ്രീകണേ്ഠശ്വര ക്ഷേത്ത്രിന് പിറകിലെ സ്വകാര്യ കോച്ചിംഗ് സെൻററിൽ പരിശോധിച്ചതിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി ഫയർഫോഴ്സ് അറിയിച്ചു. ബഹുനില കെട്ടിടത്തിൻറെ ടെറസ് പൂർണമായും ഒഴിച്ചിടണമെന്നാണ് നിയമമെങ്കിലും ടെറസിൽ ക്ലാസുകൾ നടത്തുന്നുണ്ടെന്നാണ് പരിശോധനയിൽ വ്യക്തമായത്. ഉടൻ തന്നെ ഇവിടെ നടത്തുന്ന ക്ലാസുകൾ ഒഴിവാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീർ റോഡിലെ കോച്ചിംഗ് സെൻററിലും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. കെട്ടിടത്തിനു മുകളിലെ ടെറസിലേക്കുള്ള പടികൾ പൂർണമായും ഒഴിച്ചിടണമെന്നാണെങ്കിലും സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിൻറെ പടികളിൽ മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. ഇതേതുടർന്ന് കെട്ടിടത്തിനു മുകളിലേക്ക് പോവാൻ പോലും പറ്റാത്ത സ്ഥിതിയാണ്. കൂടാതെ ടെറസിന് മുകളിൽ ഒരുഭാഗം ബോർഡ് കൊണ്ട് മറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇവ നീക്കം ചെയ്യണമെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകി. ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിശോധിക്കുമ്പോൾ അപാകതകൾ പരിഹരിച്ചിട്ടില്ലെങ്കിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് വിവരങ്ങൾ കൈമാറി സ്ഥാപനം പൂട്ടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകുന്ന സ്റ്റേഷൻ ഓഫീസർ പനോത്ത് അജിത് കുമാർ പറഞ്ഞു.

സ്ഥാപനങ്ങളിലൊന്നും തീയണയ്ക്കുന്നതിനുള്ള സംവിധാനങ്ങളില്ല. തീപിടിത്തമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനും തീപടരാതിരിക്കാനുമായി ഇത്തരത്തിലുള്ള ഉപകരണങ്ങൾ സൂക്ഷിക്കേണ്ടതാണെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. വൈക്കം മുഹമ്മദ് ബഷീർ റോഡ്, ശ്രീകണ്‌ഠേശ്വരം ക്ഷേത്രം റോഡ്, മാവൂർ റോഡ്, എരഞ്ഞിപ്പാലം എന്നിവിടങ്ങളിലെ സെന്ററുകളിലാണ് പരിശോധന നടത്തിയത്. ബീച്ച് അഗ്‌നി രക്ഷാ സ്റ്റേഷൻ ഓഫീസർ പനോത്ത് അജിത്ത് കുമാർ, സേനാംഗങ്ങളായ വിവേക്, സരീഷ്, ലോഹിതാക്ഷൻ, ഡ്രൈവർ ശ്രീലേഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധിച്ചത്.