ഫറോക്ക് : അന്താരാഷ്ട്രാ നിലവാരത്തിലേക്കുയർത്തി മികവിന്റെ കേന്ദ്രമാക്കാനൊരുങ്ങുന്ന ബേപ്പൂർ ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ ആൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറിയെ ബേപ്പൂരിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ഉയർത്താൻ കൂട്ടായ ശ്രമം. ഇതിനായി വികെസി മമ്മത് കോയ എംഎൽഎ സ്കൂളിൽ വിളിച്ച് ചേർത്ത യോഗത്തിൽ വിവിധ പരിപാടികൾ നടപ്പിലാക്കാൻ തീരുമാനിച്ചു.
സ്കൂളിന്റെ സമഗ്ര വികസനത്തിനായി രണ്ടാം ഘട്ടമായി 4.35 കോടി രൂപ ചെലവിട്ട് അത്യാധുനിക സൗകര്യങ്ങളേർപ്പെടുത്തുകയാണ്. ഇതിനനുസൃതമായി പ്രാദേശികമായി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സ്കൂൾ പ്രവേശനം ലഭ്യമാക്കി മികച്ച പഠനാവസരം നൽകുന്നതിനായി ജനകീയ ബോധവൽകരണം സംഘടിപ്പിക്കും. സ്കൂളിൽ ജപ്പാൻ കുടിവെള്ള പദ്ധതി കണക്കഷൻ ലഭ്യമാക്കും. ടെക്നിക്കൽ ഹൈസ്കൂളിൽ ആവശ്യമായ തസ്തികളിൽ നിയമനം നടത്തുന്നതിന് സർക്കാറിനോടാവശ്യപ്പെടും. ജനപങ്കാളിത്വത്തോടെ മെയിൻ റോഡിൽ നിന്നും സ്കൂളിലേക്ക് നേരിട്ടുള്ള റോഡ് വീതി കൂട്ടി വികസിപ്പിക്കുന്നതിന് ശ്രമിക്കും. റെസിഡന്റ് അസോസിയേഷൻ, പിടിഎ, അദ്ധ്യാപകർ എന്നിവർ സംയുക്തമായി 31 ന് സ്കൂൾ ശുചീകരണം വിജയിപ്പിക്കും. ജൂൺ മൂന്നിന് പ്രവേശനോത്സവം ജനപങ്കാളിത്വത്തോടെ വിപുലമായി സംഘടിപ്പിക്കാനും തീരുമാനിച്ചു. യോഗത്തിൽ സാമൂഹ്യ, രാഷ്ട്രീയ ,സാംസ്കാരിക സംഘടന പ്രതിനിധികൾ പങ്കെടുത്തു. ഹൈസ്കൂളിലെ അഡ്മിഷൻ മുൻ വർഷങ്ങളെപേക്ഷിച്ച് വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്.നേരത്തെ താമസിച്ചു പഠിക്കുന്നതിനായിരുന്നു പ്രവേശനം. ഇതു മാറ്റി നിത്യവും വീട്ടിൽ നിന്നും വന്നു പോകുന്നവർക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകുന്നതും ഏറെ സഹായകരമായി. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ എല്ലാ വർഷവും അഡ്മിഷൻ സമ്പൂർണമാണ്. സ്കൂൾ വികസനത്തിനൊത്ത് പഠന നിലവാരവും ഒപ്പം വിജയ ശതമാനവും ഉയർന്നിട്ടുണ്ട്. അനുബന്ധ മക്കൾക്ക് കൂടി പ്രവേശനം ലഭിക്കുന്നതിന് സർക്കാറിൽ സമ്മർദം ചെലുത്തി വരികയാണെന്നും എംഎൽഎ അറിയിച്ചു. യോഗത്തിൽ പ്രധാനാദ്ധ്യാപിക സിപി നൗഫീറ റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ കൗൺസിലർമാരായ എൻ സതീഷ് കുമാർ, പേരോത്ത് പ്രകാശൻ, പ്രിൻസിപ്പാൾ എം ആയിശ സജ്ന, കരുവള്ളി ശശി, ബഷീർ അഹമ്മദ്, വിപി ജബ്ബാർ , ഭരതൻ പള്ളിപ്പുറത്ത്, എവി മൊയ്തീൻകോയ, മുരളി ബേപ്പൂർ, പി വേണുഗോപാലൻ, സിപി ജംനാസ് ,വിജയകുമാരൻ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് റഷീദ് സ്വാഗതവും അദ്ധ്യാപിക ഷാജിന നന്ദിയും പറഞ്ഞു.