മുക്കം: നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനാർഹമായ നേട്ടം. എസ്. എസ് എൽ സി പരീക്ഷയിൽ പുനർമൂല്യനിർണയത്തിൽ നൂറു ശതമാനം വിദ്യാർത്ഥികൾ വിജയികളായതോടെയാണ് സ്കൂളിന് അഭിമാനാർഹമായ നേട്ടം കൈവന്നത്. ഹയർ സെക്കണ്ടറി പരീക്ഷയിൽ തിരിമറി നടന്നതിന്റെ പേരിൽ പൊതു സമൂഹവും വകുപ്പധികൃതരും കളങ്കിതരായി കാണുന്ന സ്കൂളിനും സ്കൂളധികൃതർക്കും തലയുയർത്തി നിൽക്കാവുന്ന നേട്ടമാണ് ഉണ്ടായിരിക്കുന്നത്. 128 കുട്ടികൾ പരീക്ഷ എഴുതിയ ഈ വിദ്യാലയത്തിൽ ആദ്യ ഫലം വന്നപ്പോൾ ഒരു വിദ്യാർത്ഥി ഫിസിക്സ് പരീക്ഷയിൽ പരാജയ പെട്ടിരുന്നു. തുടർന്ന് പരാജയപ്പെട്ട വിഷയത്തിൽ വിദ്യാർത്ഥി പുനർ മൂല്യ നിർണയത്തിന് അപേക്ഷിച്ചു . പുനർ മൂല്യ നിർണയത്തിൽ ആ വിദ്യാർത്ഥിയും വിജയിയായി. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തെ അന്താ രാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ്. അഞ്ചു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണിയും പുരോഗമിക്കുന്നു. മുക്കം നഗര സഭ സ്കൂളിൽ ലാബും ലൈബ്രറിയും നവീകരിക്കുന്ന ജോലിയും നിർവ്വഹിക്കുന്നു. ഒന്നാം തരം മുതൽ പത്താംതരം വരെയും ഹയർസെക്കൻഡറി വിഭാഗവും പ്രവർത്തിക്കുന്ന സൂളിൽ എല്ലാ ക്ലാസ്സുകളിലും ഇംഗ്ലീഷ് മീഡിയം ബാച്ചുകള്ളും ആരംഭിച്ചു കഴിഞ്ഞു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് , ജെ ആർ സി, ലിറ്റിൽ കൈറ്റ്, ട്രാഫിക് ക്ലബ് തുടങ്ങിയവയെല്ലാം മികച്ച നിലയിൽ പ്രവർത്തിക്കുന്നു . അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും കൂട്ടായ പരിശ്രമമാണ് എസ്.എസ്.എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയതിനു പിന്നിലെന്ന് പ്രധാനാദ്ധ്യാപകൻ കെ അബ്ദു ലത്തീഫ് പറഞ്ഞു. പഠന നിലവാരം ഉയർത്തുന്നതിന് മുക്കം നഗരസഭ നടപ്പിലാക്കുന്ന വിജയോത്സവം പരിപാടി ഈ വിജയത്തിന് ഏറെ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിദ്യാർത്ഥികളെ അതിനു പ്രാപ്തരാക്കിയ അദ്ധ്യാപകരെയും മുക്കം നഗരസഭ ചെയർമാൻ വി കുഞ്ഞനും വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ ചന്ദ്രനും അഭിനന്ദിച്ചു.