കോഴിക്കോട്: എലത്തൂർ മുതൽ ബേപ്പൂർ വരെയുള്ള 22 കിലോമീറ്റർ കടലോരത്തിന്റെ ഒന്നാം ഘട്ട മഴക്കാല പൂർവ ശുചീകരണം ശ്രദ്ധേയമായി. മാലിന്യങ്ങളും ചപ്പുചവറുകളും നിറഞ്ഞ കടലോരത്തെ മാലിന്യമുക്തമാക്കാൻ കോർപ്പറേഷൻ നടത്തുന്ന മെഗാ ശുചീകരണത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെ ആയിരങ്ങളാണ് പങ്കെടുത്തത്. രാവിലെ ഏഴ് മുതൽ 10 വരെയാണ് മെഗാശുചീകരണ പ്രവൃത്തികൾ നടന്നത്.
ശുചീകരണത്തിന്റെ ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ഓഫീസിനു മുന്നിലെ ശുചീകരണ പ്രവൃത്തിയിൽ മന്ത്രിയും മറ്റ് ജനപ്രതിനിധികളും പങ്കാളികളായി. ജില്ലാ കളക്ടർ ശ്രീറാം സാമ്പ ശിവറാവു, എ പ്രദീപ്കുമാർ എം.എൽ.എ, ഡെപ്യൂട്ടി മേയർ മീര ദർശക്, കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ് ഗോപകുമാർ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി ബാബുരാജ് തുടങ്ങിയവരും മന്ത്രിക്കൊപ്പം ശുചീകരണ പ്രവൃത്തികളിൽ പങ്കെടുത്തു.
എട്ട് സെക്ടറുകളായി തിരിച്ചാണ് ശുചീകരണം നടത്തിയത്. പാഴ്വസ്തുക്കൾ ഉൾപ്പടെ നീക്കം ചെയ്യുകയും ബീച്ചിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു. ശേഖരിച്ച മാലിന്യങ്ങളെ ജൈവ അജൈവ മാലിന്യങ്ങളാക്കി തരം തിരിക്കുകയും ചെയ്തു. ജൈവമാലിന്യങ്ങൾ അവിടെതന്നെ കുഴിച്ചുമൂടി. 2500 ചാക്ക് അജൈവ മാലിന്യങ്ങളാണ് ശേഖരിച്ചത്. അവ പ്ലാസ്റ്റിക് കവർ, പ്ലാസ്റ്റിക്ക് ബോട്ടിലുകൾ, കുപ്പികൾ, തെർമോകോൾ, ഇരുമ്പുപാത്രങ്ങൾ, ചെരുപ്പ്, തുണി എന്നിങ്ങനെ എട്ട് തരങ്ങളായി പ്രത്യേകം ശേഖരിച്ച് സംസ്‌കരണത്തിനായി അയച്ചു. ഏകദേശം 75ശതമാനം മാലിന്യങ്ങളും നീക്കം ചെയ്യാൻ സാധിച്ചിട്ടുണ്ട്. ആറോളം സ്ഥലങ്ങളിൽ ബീച്ചിനോട് ചേർന്ന് കൂനകളായി അജൈവമാലിന്യങ്ങൾ നീക്കം ചെയ്യാൻ ബാക്കിയുണ്ട്. വിവിധ സംഘടനകൾ, സന്നദ്ധപ്രവർത്തകർ, സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണം നടത്തിയത്.
ഓരോ സംഘടനകൾക്കും നിശ്ചിതദൂരം ശുചീകരിക്കാനുള്ള ചുമതല നൽകി. കുടുംബശ്രീയുടെ വളണ്ടിയർമാർ, പൊലീസ്, എൻ.സി.സി കേഡറ്റുകൾ, ഫയർഫോഴ്സ്, വ്യാപാരികൾ, കോളേജ് വിദ്യാർത്ഥികൾ, വിവിധ സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ എന്നിവരും കോർപ്പറേഷനിലെ 500 തൊഴിലാളികളും മെഗാ ശുചീകരണത്തിൽ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർമാരും ജെ.എച്ച്.ഐ.മാരും ശുചീകരണത്തിന് നേതൃത്വം നൽകി. കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാർക്ക് വിവിധ ഭാഗങ്ങളുടെ ചുമതല നൽകിയിരുന്നു. ശുചീകരണത്തിന് ആവശ്യമായ ഉപകരണങ്ങൾ കോർപ്പറേഷനും വളണ്ടിയേഴ്സിനുള്ള ഗ്ലൗസ്, മാസ് എന്നിവ ജില്ലാ ശുചിത്വ മിഷനും നൽകി. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഭക്ഷണ വിതരണവും നടന്നു. വരും ദിവസങ്ങളിൽ യന്ത്ര സഹായത്താൽ ശുചീകരണ പ്രവർത്തനം നടത്തുമെന്ന് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ആർ.എസ് ഗോപകുമാർ അറിയിച്ചു.
# വെള്ളയിൽ ബീച്ച്
മത്സ്യപ്രവർത്തനവുമായി ബന്ധപ്പെട്ട മാലിന്യങ്ങളായിരുന്നു കൂടുതൽ. മീൻ പിടിക്കുന്ന വലയുടെയും അഴുകിയ മത്സ്യത്തിന്റെയും അവശിഷ്ടങ്ങൾ, ബോട്ടിന്റെ അവശിഷ്ടങ്ങൾ തുടങ്ങിയവ. കൂടുതലും ജൈവ മാലിന്യങ്ങളായിരുന്നു എന്നതിനാൽ ശേഖരിച്ചവയെ അവിടെ തന്നെ കുഴിച്ചുമൂടാൻ സാധിച്ചു.
# കോഴിക്കോട് ബീച്ച്
സഞ്ചാരികളുടെ പ്രധാന കേന്ദ്രമായതിനാൽ കൂടുതലും പ്ലാസ്റ്റിക് മാലിന്യങ്ങൾ. കടപ്പുറം സന്ദർശിക്കാനെത്തിയർ നിരവധിയായതിനാൽ ശുചീകരണത്തിനും കൂടുതൽ സമയമെടുത്തു. കൂടുതൽ അജൈവ മാലിന്യങ്ങൾ കിട്ടിയതും ഇവിടെനിന്ന് തന്നെ. മിഠായിക്കവറുകൾ, കളിപ്പാട്ടങ്ങൾ എന്നിങ്ങനെ..
# കോതി ബീച്ച്
കല്ലായിപ്പുഴയും കടലും ചേരുന്ന കോതിയിലും സജീവമായി തന്നെ മാലിന്യങ്ങൾ നീക്കം ചെയ്തു. കടലോരത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നാട്ടുകാർ അടക്കം നിരവധിയാളികൾ പങ്കുചേർന്നു.