കൽപ്പറ്റ: വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ കീഴിൽ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വിവിധ ഇനത്തിൽപ്പെട്ട 311000 വൃക്ഷത്തൈകൾ വിതരണത്തിന് തയ്യാറായി.
കണിക്കൊന്ന, മഹാഗണി, താന്നി, ഉങ്ങ്, ആര്യവേപ്പ്, കുമിഴ്, മന്ദാരം, മണിമരുത്, നീർമരുത്, നെല്ലി, സീതപ്പഴം, പേര, വാളൻപുളി, ലക്ഷ്മിതരു, പൂവരശ്, മുള, ഉറുമാമ്പഴം, മുരിങ്ങ, കുന്നിവാക, വീട്ടി, ചമത, കൂവളം, കരിങ്ങാലി, രക്തചന്ദനം, ചെമ്പകം, ചെറുനാരകം, മാതളം, വേങ്ങ, മഞ്ചാടി എന്നീ ഇനത്തിലുള്ള വൃക്ഷത്തൈകളാണ് കൽപ്പറ്റ-ചുഴലി, മാനന്തവാടി-ബേഗൂർ, ബത്തേരി-കുന്താണി എന്നീ നഴ്‌സറികളിൽ വിതരണം ചെയ്യാൻ തയ്യാറാക്കിയിട്ടുള്ളത്.
ഒ.ജി.ടി സ്‌കീമിൽ ഒരു വർഷം പ്രായമായ വലിയ കൂടത്തൈ തേക്ക്, വീട്ടി, ചന്ദനവും ബേഗൂർ നഴ്‌സറിയിൽ വിൽപ്പനയ്ക്കായി ഉണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ, മതസ്ഥാപനങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ജൂൺ 5 ന് ലോകപരിസ്ഥിതി ദിനത്തിൽ വൃക്ഷവത്കരണം നടത്തുന്നതിനായി തൈകൾ സൗജന്യമായി നൽകും. ആവശ്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും മുൻകൂട്ടി അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക്, കൽപ്പറ്റ, മാനന്തവാടി, ബത്തേരി സാമൂഹ്യ വനവത്കരണവിഭാഗം റെയിഞ്ച് ഓഫീസുമായോ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസുമായോ ബന്ധപ്പെടണം.
കൽപ്പറ്റ - ചുഴലി - 8547603846, 8547603847
മാനന്തവാടി - ബേഗൂർ - 8547603853, 8547603852
ബത്തേരി - കുന്താണി - 8547603850, 8547603849
സൗജന്യമായി തൈകൾ കൈപ്പറ്റുന്ന സ്ഥാപനങ്ങൾ ലോകപരിസ്ഥിതി ദിനത്തിൽ തൈകൾ നട്ട് സംരക്ഷിക്കണം. തൈകൾ വിൽക്കാനോ, മാറ്റിവെക്കാനോ പാടില്ല. തൈകളുടെ പരിപാലനം സംബന്ധിച്ച് പരിശോധന നടത്തുമെന്ന് വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.
കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലോക പരിസ്ഥിതി ദിനാഘോഷം - ''ഹരിതോത്സവം'' പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിൽ വച്ച് കൽപ്പറ്റ എം.എൽ.എ സി.കെ.ശശീന്ദ്രൻ നിർവ്വഹിക്കും.
ഇതോടനുബന്ധിച്ച് വയനാട് സാമൂഹ്യ വനവൽക്കരണവിഭാഗവും മഡ്ഡി ബൂട്സ് വയനാട് സൈക്കിൾ അസ്സോസിയേഷനും സംയുക്തമായി നടത്തുന്ന പരിസ്ഥിതി ദിന സന്ദേശ സൈക്കിൾറാലിയും എസ്.കെ.എം.ജെ ഹയർ സെക്കൻഡറി എൻ.എസ്.എസ് വിദ്യാർത്ഥികളുടെ ''അണിചേരാം മലിനീകരിക്കാത്ത അന്തരീക്ഷത്തിനായി'' - പരിസ്ഥിതി ബോധവൽക്കരണ കാമ്പയിനും നടത്തും. സൈക്കിൾറാലി രാവിലെ 9.30 ന് എം. രാജീവൻ (അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ് സോഷ്യൽ ഫോറസ്ട്രി, വയനാട്) ഫ്‌ളാഗ് ഓഫ് ചെയ്യും. സൈക്കിൾ റാലി മുട്ടിൽ ടൗണിൽ നിന്ന് ആരംഭിച്ച് കൽപ്പറ്റയിൽ സമാപിക്കും.