പേരാാമ്പ്ര: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ചെങ്ങോടുമലയിൽ നിർമിച്ച കുടിവെള്ള ടാങ്ക് പൊളിക്കുകയും ജലവിതരണ പൈപ്പ് കടത്തികൊണ്ടു പോവുകയും ചെയ്തെന്ന പരാതിയിൽ ബാലുശ്ശേരി പൊലിസ് കേസെടുത്തു. ചെങ്ങോടുമലയിൽ കരിങ്കൽ ക്വാറി തുടങ്ങാൻ ശ്രമിക്കുന്നുവെന്ന് ആരോപണം ഉയർന്ന തോമസ് ഫിലിപ്പ്, അനൂപ്, ഗോവിന്ദ് കൃഷ്ണ എന്നിവർക്കും കണ്ടാലറിയാവുന്ന ഒരു കൂട്ടം ആളുകൾക്കും എതിരെയാണ് പൊതുമുതൽ നശിപ്പിച്ചതിന് പി. ഡി.പി.പി. ആക്ട് 154 വകുപ്പ് പ്രകാരം കേസെടുത്തത്. വൈദ്യുതി പോസ്റ്റുകൾ കടത്തിയെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ ബാലുശ്ശേരി പൊലീസ് കേസെടുത്തു. ചെങ്ങോടുമല കോളനിയിലേക്കുള്ള രണ്ട് വൈദ്യുതി പോസ്റ്റുകളും കമ്പികളും കളവ് പോയെന്ന കെ.എസ്.ഇ.ബി കൂട്ടാലിട സെക്ഷൻ അസി: എഞ്ചിനിയർ വിനോദ് കുമാറിന്റെ പരാതിയിലും ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതും ക്വാറി കമ്പനിയുടെ അധീനതയിലുളള സ്ഥലമാണ്. ചെങ്ങോടുമല കുടിവെള്ള പദ്ധതിയുടെ ഭാഗമായി സ്വകാര്യവ്യക്തി റീലിംഗ്വിഷ് പ്രകാരം വിട്ടുകൊടുത്ത സ്ഥലത്ത് നിർമിച്ച കുടിവെള്ള ടാങ്കാണ് ക്വാറിക്ക് തടസമാവുമെന്ന് കണ്ട് പൊളിച്ചുമാറ്റിയത്. ആദ്യഘട്ടത്തിൽ ഇത് തേങ്ങാപുരയാക്കി ഗ്രാമപഞ്ചായത്തിൽ നിന്ന് കെട്ടിട നമ്പറും സംഘടിപ്പിച്ചു.നാട്ടുകാർ ഇത് പ്രശ്നമാക്കിയതോടെ ഒരു ദിവസം രാത്രി മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മുഴുവൻ പൊളിച്ചുമാറ്റുകയായിരുന്നു.
കോട്ടൂർ ഗ്രാമപഞ്ചായത്ത് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തില്ല. തുടർന്ന് ചെങ്ങോടുമല സംരക്ഷണ ജനകീയ സമിതി പ്രവർത്തകർ നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് നാദാപുരം ഡിവൈ. എസ്. പിക്ക് നൽകിയ പരാതിയിൽ അന്വേഷണം മന്ദഗതിയിലാണെന്ന് പരാതി ഉയർന്നു. തുടർന്ന് നാലാം വാർഡ് ഖനന വിരുദ്ധ ആക്ഷൻ കമ്മിറ്റി കുടിവെള്ള ടാങ്ക് പൊളിച്ചതിനെതിരെ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തു. ഇതിൽ ബാലുശ്ശേരി പൊലീസിനുൾപ്പെടെ നോട്ടീസ് അയച്ചതോടെ സമരസമിതി കൊടുത്ത പരാതിയിൽ അന്വേഷണം നടത്തി കേസെടുക്കുകയായിരുന്നു.
ടാങ്ക് തകർക്കുകയും വൈദ്യുതി പോസ്റ്റ് ഉൾപ്പെടെ കടത്തിക്കൊണ്ടു പോവുകയും ചെയ്തവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. അറസ്റ്റ് വൈകുന്ന പക്ഷം ശക്തമായ സമരത്തിനു നേതൃത്വം നൽകാനും ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു.