സുൽത്താൻ ബത്തേരി: സി.ബി.എസ്.ഇ സ്‌കൂളുകളിൽ ടെക്സ്റ്റ് ബുക്കുകൾക്ക് അമിത വില ഈടാക്കുന്നതായി പരാതി. യു.പി സ്‌കൂൾ വരെ ഏകീകൃത സിലബസ് ഇല്ലാത്തതിനാൽ മാനേജ്‌മെന്റുകൾ കൂടുതൽ കമ്മീഷൻ കിട്ടുന്ന പബ്ലിക്കേഷനിൽ നിന്ന് ടെക്സ്റ്റ് ബുക്കുകൾ വാങ്ങിയാണ് വിദ്യാർത്ഥികളെ പിഴിയുന്നത്.
ചില സി.ബി.എസ്.ഇ സ്‌കൂളുകളിൽ മാനേജുമെന്റാണ് ഉയർന്ന വിലയുള്ള പുസ്തകങ്ങൾ സ്‌കൂളിലേക്ക് തിരഞ്ഞെടുക്കുന്നത്.

പുസ്തകം അടിച്ചിറക്കുന്ന വിവിധ പബ്ലിക്കേഷനുകൾ ജനുവരി,ഫെബ്രുവരി മാസങ്ങളിലായാണ് അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പുസ്തകത്തിന്റെ ആവശ്യവുമായി സ്‌കുളുകളിലേത്തുക. ഓരോ വിഷയത്തിലും അദ്ധ്യാപകരുടെ നിർദ്ദേശാനുസരണമാണ് മിക്ക സ്‌കൂളിലും ബുക്കുകൾ തിരഞ്ഞെടുക്കുക. ബുക്ക് തിരഞ്ഞെടുക്കുമ്പോൾ ഗുണനിലവാരവും കുട്ടികൾക്ക് എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നതും വിലകുറഞ്ഞതുമായ പുസ്തകങ്ങളാണ് തെരഞ്ഞെടുക്കുക.
എന്നാൽ ചില സി.ബി.എസ്.ഇ സ്‌കൂളുകൾ അവരുടെ മാനേജ്‌മെന്റ് ആസ്ഥാനത്ത് നിന്ന് പുസ്തകം നേരിട്ട് ഇറക്കിയാണ് സ്‌കൂളുകളിൽ വിതരണം നടത്തുന്നത്. ഇങ്ങനെ ഇറക്കുന്ന പുസ്തകങ്ങൾക്കാണ് അമിത വില ഈടാക്കുന്നത്. ടെക്സ്റ്റ് ബുക്കുകൾക്ക് കാര്യമായി വില വർദ്ധിച്ചിട്ടില്ലെന്നാണ് പുസ്തകങ്ങൾ സ്ഥിരമായി സ്‌കൂളുകളിൽ എത്തിച്ചു കൊടുക്കുന്ന പബ്ലിഷിംഗ് കമ്പനികളുടെ പ്രതിനിധികൾ പറയുന്നത്.

ഒന്നു മുതൽ ആറ് വരെയുള്ള ക്ലാസിലെ ബുക്കുകൾക്കാണ് വില വർദ്ധിപ്പിച്ചിരിക്കുന്നത്. 100 പേജ് പോലും ഇല്ലാത്ത ടെക്സ്റ്റ് ബുക്കിന്റെ വില 200 രൂപയാണ്. 188 പേജുള്ള കമ്പ്യുട്ടർ ടെക്സ്റ്റിന്റെ വില 499 രൂപ. ടെക്സ്റ്റ് ബുക്കുകൾക്ക് അമിത വില ഈടാക്കിയാലും വാങ്ങാതിരിക്കാനാവില്ല. കാരണം ഈ ബുക്ക് ഈ സ്‌കൂളിന് മാത്രമായിട്ടുള്ളതായിരിക്കും. ഇതായിരിക്കും പഠിപ്പിക്കുക. അതേസമയം ഫീസ് ഇളവ് നൽകിയും ഒരേ സ്‌കൂളിൽ തന്നെ ഒന്നിലധികം കുട്ടികൾ പഠിക്കുന്ന പാവപ്പെട്ടവർക്ക് ഒരാളുടെ ഫീസ് ഒഴിവാക്കിയും മറ്റും മാതൃക കാണിക്കുന്ന സ്ഥാപനങ്ങളുമുണ്ട്.
സി.ബി.എസ്.ഇ സ്‌കൂളുകളിൽ എട്ടാം ക്ലാസ് മുതൽ എൻ.സി.ആർ.ടിയുടെ സിലബസ് അനുസരിച്ചാണ് പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ എട്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങളുടെ വില സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് തോന്നുന്നത്‌പോലെ വാങ്ങാൻ കഴിയുകയില്ല. സി.ബി.എസ്.ഇ സ്‌കൂളുകളിലെ പാഠപുസ്തകങ്ങൾ ഏകീകരിച്ചെങ്കിൽ മാത്രമെ മാനേജ്‌മെന്റുകളുടെ കൊള്ള അവസാനിപ്പിക്കാനാവൂ എന്നാണ് രക്ഷിതാക്കൾ പറയുന്നത്.