എരുമാട്: കലാലയ ജീവിതത്തിന് ശേഷം കാൽ നുറ്റാണ്ടിന്റെ ഓർമകൾ പങ്കുവെച്ച് അവർ ഒത്തുചേർന്നപ്പോൾ സഹപാഠികളിൽ അവശതയനുഭവിക്കുന്നവർക്ക് സാന്ത്വനമേകാനുള്ള പ്രതിജ്ഞയുടെ വേദിയായി മാറി.
താളൂർ സെന്റ് മേരീസ് ജാക്കോബൈറ്റ് പാരീഷ് ഹാളിൽ സംഘടിപ്പിച്ച നീലഗിരി എരുമാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമത്തിലാണ് മാതൃകാപരമായ തീരുമാനം. 1994-95 പ്രീഡിഗ്രി ബാച്ചിലുള്ളവർ 25 വർഷങ്ങൾക്ക്‌ശേഷം സംഗമിച്ചപ്പോൾ പരസ്പരം വിശേഷങ്ങൾ പങ്കുവക്കാനും ഓർമകൾ അയവിറക്കാനുമുണ്ടായിരുന്നു.
വിദ്യ പകർന്ന് നൽകിയ അദ്ധ്യാപികമാരും കുടുംബാംഗങ്ങളും ഒത്തുചേർന്നു.
കലാലയ മുറ്റത്ത് നിന്നും പടിയിറങ്ങിയ 45 സഹപാഠികൾ വിവിധമേഖലകൾ തേടിപ്പോയവരിൽ ഉപരിപഠനത്തിന്‌ശേഷം അദ്ധ്യാപനജോലി സ്വീകരിച്ചവർ, വിദേശത്ത് ജോലിതേടിപ്പോയവർ, വ്യാപാര രംഗത്ത് കാലുറപ്പിച്ചവർ, സൈനികർ, നിയമപാലക യൂണിഫോം അണിഞ്ഞവർ, കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തുന്നവർ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളിലും പെട്ടവർ പൂർവ്വ വിദ്യാർത്ഥികളുടെയും അവരുടെ കുട്ടികളുടെയും കലാപരിപാടികൾ സംഗമത്തിന് ആവേശം പകർന്നു.
രണ്ട് വർഷങ്ങൾ കൂടുമ്പോൾ ഒത്തുചേരാനും പൂർവ്വ വിദ്യാർത്ഥി കുടുംബങ്ങളിൽ പെട്ട അവശതയനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാനും വിവാഹം, മരണം തുടങ്ങിയ വിഷയങ്ങളിൽ പരസ്പരം വിവരങ്ങൾ കൈമാറാനും തീരുമാനിച്ചു. സംഗമത്തിന്റെ ചെലവ് കഴിച്ച് ബാക്കി വന്ന തുക സഹപാഠിയുടെ മക്കളുടെ വിദ്യാഭ്യാസത്തിന്‌വേണ്ടി നൽകാൻ തീരുമാനിച്ചു.
ചടങ്ങിൽ പി.ആർ ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ലക്ഷ്മിക്കുട്ടി ടീച്ചർ ഉൽഘാടനം ചെയ്തു. ശ്രീജ,ഷമീറ, ഉമ, രാജി,ശിവകുമാർ, രവീന്ദ്രൻ എന്നിവർ അദ്ധ്യാപകരെ ആദരിച്ചു. സണ്ണി വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. കെ.ജെ. സാബു സ്വാഗതവും എ.പി. സീന നന്ദിയും പറഞ്ഞു.