sharli

പുൽപ്പള്ളി: പുൽപ്പള്ളി വെടിവയ്പ് കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കാപ്പിസെറ്റ് കന്നാരംപുഴയിൽ യുവാവിനെ വെടിവച്ചുകൊന്ന സംഭവത്തിലെ പ്രതിയെയാണ് പൊലീസ് സംഭവം നടന്ന് 48 മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തത്. കന്നാരംപുഴ സ്വദേശി കാട്ടുമാക്കിൽ നിധിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ശേഷം കാട്ടിലേക്ക് രക്ഷപ്പെട്ട പ്രതി കന്നാരംപുഴ സ്വദേശി പുളിക്കൽ ഷാർളി (44) യെയാണ് ചീയമ്പം 73 വനമേഖലയിൽ നിന്ന് പുൽപ്പള്ളി സി ഐ വി. സുരേശന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് തോക്കും കണ്ടെടുത്തിട്ടുണ്ട്. രാവിലെ മുതൽ പൊലീസ് വനമേഖല കേന്ദ്രീകരിച്ച് തെരച്ചിൽ ശക്തമാക്കിയിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെയാണ് ഇയാളെ വനമേഖലയിൽ അവശ നിലയിൽ കണ്ടെത്തിയത്. ശരീരമാസകലം പരിക്കുകളുള്ള നിലയിലാണ് ഷാർളിയെ കണ്ടെത്തിയത്. കന്നാരം പുഴയുടെ അരികിൽ നടക്കാനാവാത്ത വിധം അവശനിലയിൽ ഇരിക്കുകയായിരുന്നു ഇയാൾ. കൈവശം തോക്കുമുണ്ടായിരുന്നു. 15 വർഷം മുമ്പ് കർണാടകയിൽ നിന്ന് വാങ്ങിയ തോക്കാണ് ഇതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കൃത്യമായി വെടിയുതിർക്കാൻ കഴിവുള്ളയാളാണ് ഷാർളി എന്നും പൊലീസ് പറഞ്ഞു. അവശനിലയിലായതിനാൽ ഷാർളിയെ ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇയാളെ പുൽപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
പിതൃ സഹോദരൻ കിഷോറിനും വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച രാത്രി 10.30 ഓടെ നിധിന്റെ വീടിന് മുമ്പിലുള്ള റോഡിലായിരുന്നു സംഭവം. കാട്ടുമാക്കൽ കുടുംബവും ഷാർളിയും തമ്മിൽ ഭൂമിയുടെ അതിർത്തി സംബന്ധമായ കാര്യത്തിൽ പലപ്പോഴും വാക്ക് തർക്കങ്ങളും വഴക്കുമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി ഇത് സംഘർഷത്തിൽ കലാശിച്ചതാണ് വെടിവയ്പിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. പുൽപ്പള്ളി സി ഐ ഇ.പി. സുരേശൻ, എസ്.ഐ രാജേഷ്, എ.എസ്.ഐ എം.കെ. സാജു, ഷാബു, സിവിൽ പൊലീസ് ഓഫീസർമാരായ പ്രശാന്ത്, രാമകൃഷ്ണൻ, ബിനീഷ്, സിജോ, മുരളി എന്നിവരും ഉണ്ടായിരുന്നു.

കള്ളത്തോക്കുകൾ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നു

പുൽപ്പള്ളി: കള്ളത്തോക്കുകൾ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നു. യുവാവിനെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണ് പൊലീസ് കള്ളത്തോക്കുകൾ കൈവശം വച്ചിരിക്കുന്ന ആളുകളുടെ വിവരങ്ങൾ ആരായാൻ നടപടി ആരംഭിച്ചിരിക്കുന്നത്. വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ പലരും കള്ളത്തോക്കുകൾ ഉപയോഗിക്കുന്നതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷാർളി വെടിവയ്ക്കാനുപയോഗിച്ച തോക്ക് കർണാടകയിൽ നിന്നു വിലകൊടുത്ത് വാങ്ങിയതെന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. അതിർത്തി കേന്ദ്രീകരിച്ച് അധോലോക സംഘങ്ങൾ ശക്തമാകുന്നതായും വിവരമുണ്ട്. മൃഗവേട്ടയടക്കം ഇവിടെ വ്യാപകമാണ്. കാട്ടിറച്ചിവില്പന സംഘങ്ങളും മറ്റും കള്ളത്തോക്കുകൾ ഉപയോഗിക്കുന്നതായാണ് സൂചന.