maharshi

കോഴിക്കോട്: 33 വർഷമായി തപസ്സ് എന്ന പോലെ മുടങ്ങാതെ മഹർഷി റംസാൻ വ്രതം അനുഷ്ഠിക്കുകയാണ്. നോമ്പ് തുറയ്ക്ക് സൗകര്യം ഒരുക്കുന്നതാകട്ടെ മുസ്ളിം മതവിശ്വാസിയും ഉറ്റ സുഹൃത്തുമായ കുന്നത്ത്പറമ്പിൽ മമ്മിയും.

തിരൂർ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ശബ്ദ കോലാഹലങ്ങളിൽ നിന്ന് അകന്ന് ശാന്തമായ സ്ഥലത്ത് സ്നേഹിതൻ പണിത് നൽകിയ കുന്നത്ത് പറമ്പിൽ ആശ്രമത്തിലാണ് മഹർഷിയുടെ താമസം.ആശ്രമത്തിൽ പ്രാചീന താളിയോല ഗ്രന്ഥങ്ങൾക്ക് പുറമെ ഖുർ ആനിലെയും ബൈബിളിലെയും ഭഗവത് ഗീതയിലെയും സൂക്തങ്ങൾ ചുമരിൽ എഴുതി വച്ചിട്ടുണ്ട്.

പാരമ്പര്യ വൈദ്യം, ജ്യോതിഷം, വാസ്തുശാസ്ത്രം, ഹസ്തരേഖ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന മഹർഷി 35 വർഷം മുമ്പാണ് ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് നിന്ന് തിരൂരിൽ എത്തിയത്.

രാവിലെ നാല് മണിക്ക് ഉണർന്ന് ദിനചര്യകൾക്ക് ശേഷം യോഗാസനവും പ്രാർത്ഥനയും കഴിഞ്ഞ് തുളസി വെള്ളം കുടിച്ച് ആരംഭിക്കുന്ന നോമ്പ് മഗ്‌രിബ് ബാങ്ക്‌കൊടുക്കുമ്പോഴാണ് സുഹൃത്തിന്റെ വീട്ടിൽ നിന്ന് നോമ്പ് തുറക്കുന്നത്.

മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ശ്രീനാരായണ ഗുരുദേവന്റെ മഹത് വചനം ഉൾക്കൊണ്ട് കൊണ്ടാണ് 33 വർഷം മുമ്പ് റംസാൻ വ്രതം എടുക്കാൻ തുടങ്ങിയതെന്നും അതിന് ശേഷം ഒറ്റ നോമ്പ് പോലും മുടക്കിയിട്ടില്ലെന്നും മഹർഷി പറഞ്ഞു.