കോഴിക്കോട്: ശുചിത്വത്തിലൂടെ മാലിന്യ നിർമാർജനവും പൊതുജനാരോഗ്യവും ഉറപ്പാക്കാമെന്ന സന്ദേശവുമായി ഇന്ന് സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിക്കും. സംസ്ഥാനത്തുടനീളം പരിസര ശുചീകരണവുമായി ബന്ധപ്പെട്ട് ആരോഗ്യ ജാഗ്രതാ പരിപാടികൾ നടക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ജീവനക്കാരുടെ കൂട്ടായ്മയിൽ സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മുതൽ ആറ് വരെ അതത് ഓഫീസ് മേധാവികളുടെ നേതൃത്വത്തിലാണ് ഓഫീസും പരിസരവും ശുചീകരിക്കുക. എല്ലാ വകുപ്പുമേധാവികളും ജീവനക്കാരും കൂട്ടായ ശുചീകരണത്തിൽ പങ്കാളികളാകും.
ഓഫീസ് ശുചീകരണത്തോടൊപ്പം തന്നെ ജില്ലാ ഭരണകൂടം നിർദ്ദേശിക്കുന്ന പരിസരങ്ങളും ശുചീകരിക്കും. ഇതിനായി ഓഫീസുകളെ 18 ക്ലസ്റ്ററുകളായി തിരിച്ചിട്ടുണ്ട്. ഓരോ ക്ലസ്റ്ററിനും തിരഞ്ഞെടുത്ത ഒരു ഉദ്യോഗസ്ഥന് ചുമതല നൽകിയാണ് പ്രവൃത്തി. കാട് വെട്ടിത്തെളിച്ച് അനാവശ്യമായി കൂട്ടിയിട്ട മുഴുവൻ സാധനങ്ങളും സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് മാറ്റും. ശുചീകരണത്തിന് ശേഷം ജൈവ അജൈവ മാലിന്യങ്ങൾ പ്രത്യേകം തരം തിരിച്ച് മാലിന്യങ്ങൾ ഒഴിവാക്കുന്നതിന് നിയമാനുസൃത നടപടികൾ സ്വീകരിക്കും. ഓരോ വകുപ്പു മേധാവികളുടെയും നേതൃത്വത്തിൽ അതത് ഓഫീസും പരിസരവും വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കണമെന്നും വീഴ്ചയുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്നും ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്. വൃത്തിയുള്ള തൊഴിൽ പരിസരം ഉറപ്പാക്കാൻ പൊതുജനങ്ങൾക്കുള്ള ബോധവത്കരണം കൂടിയാവും ഇന്നത്തെ ശുചീകരണം.