കോഴിക്കോട്: സിവിൽ സർവീസ് പരീക്ഷ ഒരു പേടിസ്വപ്നമല്ല. ഇത് മറികടക്കുകയെന്നത് പ്രയാസമാണ്. എന്നാൽ അസാദ്ധ്യവുമല്ല. ശരിയായ മാർഗനിർദ്ദേശങ്ങൾ, സമർപ്പണം, സമയക്രമീകരണം, ശരിയായ പഠന സാമഗ്രികൾ, സ്മാർട്ട് വർക്കുകൾ, സമകാലീന അറിവ്, ശരിയായ തന്ത്രം എന്നിവ പരീക്ഷയെ എളുപ്പമാക്കുമെന്ന് സിവിൽ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർക്കായി സമ്മിറ്റ് ഐ.എ.എസ് അക്കാദമി കെ.പി കേശവ മേനോൻ ഹാളിൽ സംഘടിപ്പിച്ച സൗജന്യ സെമിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

മറ്റ് പരീക്ഷകളിൽ നിന്ന് സിവിൽ സർവീസിനെ വ്യത്യസ്തമാക്കുന്നത് വിശാലമായ സിലബസാണ്. പ്രിലിമിനറി, മെയിൻ, പേഴ്‌ണാലിറ്റി ടെസ്റ്റിന്റെ ഭാഗമായുള്ള ഇന്റർവ്യു എന്നീ മൂന്ന് ഘടകങ്ങൾക്ക് ശേഷമാണ് സിവിൽ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പ്രിലിമിനറിയിൽ ഒബ്‌ജക്‌‌റ്റീവ് ചോദ്യങ്ങളും മെയിൻ പരീക്ഷയിൽ വിവരണാത്മകവുമാണ്. മെയിൻ പരീക്ഷയിൽ ഇഷ്ടമുള്ള രണ്ട് വിഷയം തിരഞ്ഞെടുക്കാം.എന്നാൽ ഈ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് ഉണ്ടായിരിക്കണം. പ്രിലിമിനറി പരീക്ഷ പാസ്സായാൽ മാത്രമെ മെയിൻ പരീക്ഷ എഴുതാൻ സാധിക്കുകയുള്ളു. ഇതിലും പാസ്സായാൽ ഇന്റർവ്യുവിന് ക്ഷണിക്കും. ഇന്റർവ്യുവിലും മികച്ച മാർക്ക് സ്കോർ ചെയ്യാൻ സാധിച്ചാൽ സിവിൽ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെടും.

പഠിച്ചത്കൊണ്ട് മാത്രം ആരും പാസാവുകയില്ല. ദിവസവും 14 മണിക്കൂർ പഠിക്കുന്നവർ പരാജയപ്പെടുകയും ആറ് മണിക്കൂർ പഠിക്കുന്നവർ പാസാവുകയും ചെയ്യുന്നു. ശരിയായ സമീപനങ്ങളിലൂടെയുള്ള പഠനമാണ് വിജയത്തിൽ എത്തിക്കുക. ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനം ഒരു ഘടകമേയല്ല. എന്നാൽ പരന്ന വായന ആവശ്യമാണ്. എൻ.സി.ഇ.ആർ.ടി ബുക്കുകൾ, ന്യൂസ് മാഗസിൻസ്, പത്രങ്ങൾ എന്നിവ പരീക്ഷയ്ക്ക് തയ്യാറെടുപ്പ് തുടങ്ങുന്ന സമയം മുതൽ ഗൗരവമായി വായിച്ച് തുടങ്ങണം. വായിച്ചാൽ മാത്രം പോര ചെറുകുറിപ്പുകളാക്കി എഴുതി വയ്ക്കുകയും വേണം. വിദ്യാഭ്യാസ വിദഗ്ദ്ധരായ ഷിജു അലോകൻ, നൗഷാദ് ചേങ്ങോടൻ എന്നിവരാണ് ക്ളാസ് എടുത്തത്. സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചവരും ചടങ്ങിൽ പങ്കെടുത്തു.