കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതിന്റെ സർട്ടിഫിക്കറ്റ് എ.ഐ.സി.സി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കൈമാറി. കെ.പി.സി.സി ജനറൽ സെക്രട്ടറിയും വയനാട് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ചുമതലക്കാരനുമായ എൻ സുബ്രഹ്മണ്യൻ, സ്ഥാനാർത്ഥിയുടെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റ് പി.വി ബാലചന്ദ്രൻ, എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവർ ചേർന്നാണ് സർട്ടിഫിക്കറ്റ് കൈമാറിയത്. എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയ നേതാക്കൾ മണ്ഡലത്തിലെ പ്രധാന വികസന പദ്ധതികളെ കുറിച്ചും അദ്ദേഹവുമായി സംസാരിച്ചു. വയനാട്ടിലെ വോട്ടർമാരോട് നന്ദി പറയാൻ ഉടൻ എത്തുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു.
തിയ്യതി തീരുമാനിക്കാൻ കെ.പി.സി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ നടക്കുന്ന യോഗം രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് അന്തിമ രൂപം നൽകും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് രാഹുൽ ഗാന്ധി വരാതിരുന്ന സാഹചര്യത്തിൽ എൻ സുബ്രഹ്മണ്യനാണ് വയനാട് ജില്ലാ കളക്ടറിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.