കൽപറ്റ: വനം വകുപ്പ് തെറ്റായി പിടിച്ചെടുത്ത 12 ഏക്കർ കൃഷിഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിനു തിരികെ നൽകുന്നതിനു നടപടി ആവശ്യപ്പെട്ട് ഹരിതസേന സംസ്ഥാന ചെയർമാൻ വി.ടി. പ്രദീപ്കുമാർ നൽകിയ പരാതിയിൽ നിയമസഭ പെറ്റീഷൻസ് കമ്മിറ്റി ജൂൺ മൂന്നിനു തെളിവെടുപ്പ് നടത്തും. നിയമസഭാ സമുച്ചയത്തിലെ 5 ഡി കോൺഫറൻസ് ഹാളിൽ രാവിലെ 10.30 മുതലാണ് തെളിവെടുപ്പ്. ഇതിൽ പങ്കെടുക്കുന്നതിന് പരാതിക്കാരനും വനം, റവന്യൂ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കമ്മിറ്റി സെക്രട്ടറി നോട്ടീസ് നൽകി.
കെ.ബി.ഗണേഷ്‌കുമാറാണ് നിയമസഭാ പെറ്റീഷൻസ് കമ്മിറ്റി ചെയർമാൻ. രാജു അബ്രഹാം, സി.മമ്മൂട്ടി, ഒ.രാജഗോപാൽ, ആർ.രാമചന്ദ്രൻ, വി.വി.സജീന്ദ്രൻ, സി.കെ.ശശീന്ദ്രൻ, എം.സ്വരാജ്, പി.ഉബൈദ് എന്നിവർ അംഗങ്ങളാണ്.
ഭൂമി വിഷയത്തിൽ കാഞ്ഞിരത്തിനാൽ കുടുംബം നാലു പതിറ്റാണ്ടിലധികമായി നേരിടുന്ന നീതി നിഷേധം വിശദീകരിച്ചും പരിഹാരം ആവശ്യപ്പെട്ടും 2018 ജൂൺ 10നാണ് വി.ടി. പ്രദീപ്കുമാർ പെറ്റീഷൻസ് കമ്മിറ്റിക്കു പരാതി നൽകിയത്.
വടക്കേ വയനാട്ടിലെ കാഞ്ഞിരങ്ങാട് വില്ലേജിലാണ് കാഞ്ഞിരത്തിനാൽ കുടുംബത്തിൽനിന്ന് വനം വകുപ്പ് പിടിച്ചെടുത്ത ഭൂമി. കാഞ്ഞിരത്തിനാൽ ജോർജ്, ജോസ് സഹോദരങ്ങൾ 1967ൽ കുട്ടനാട് കാർഡമം കമ്പനിയിൽനിന്ന് വിലയ്ക്കുവാങ്ങിയതാണ് സ്ഥലം.
1949ലെ മദ്രാസ് പ്രിസർവേഷൻ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ടിന്റെ പരിധിയിൽപ്പെട്ടതാണെന്ന് വാദിച്ചു അടിയന്തരാവസ്ഥക്കാലത്താണ് ഭൂമി വനം വകുപ്പ് പിടിച്ചെടുത്ത്. ഇതിനെതിരായ പരാതിയിൽ 1978 നവംബർ ആറിനു കാഞ്ഞിരത്തിനാൽ കുടുംബത്തിനു അനുകൂലമായി കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണൽ വിധിയുണ്ടായി. എന്നാൽ വനം വകുപ്പ് നൽകിയ അപ്പീലിൽ 1985 ഫെബ്രുവരി രണ്ടിനു പാലക്കാട് ഫോറസ്റ്റ് ട്രിബ്യൂണൽ പുറപ്പെടുവിച്ച വിധി കുടുംബത്തിനു എതിരായി. ഇതിനു പിന്നാലെ ഹൈക്കോടതിയിലെത്തിയ ഭൂമിക്കേസിൽ കക്ഷികൾ ഹാജരാകാത്തതിനെത്തുടർന്നു എക്‌സ് പാർട്ടി വിധിയുണ്ടായി. കാഞ്ഞിരത്തിനാൽ ജോർജിന്റെ പേരിൽ അദ്ദേഹം അറിയാതെ നൽകിയ ഹർജിയിലായിരുന്നു ഇത്.
ഭൂമി വീണ്ടെടുക്കുന്നതിനു കാഞ്ഞിരത്തിനാൽ ജോർജും ഭാര്യയും കലക്ടറേറ്റു പടിക്കൽ സമരം ചെയ്തിരുന്നു.
കാഞ്ഞിരത്തിനാൽ കുടുംബത്തിനു ഭൂമി വിട്ടു കൊടുത്ത് 2007ൽ സർക്കാർ ഉത്തരവായി. ഭൂനികുതിയും സ്വീകരിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ വൺ ലൈഫ് വൺ എർത്ത് എന്ന പരിസ്ഥിതി സംഘടന കാഞ്ഞിരത്തിനാൽ കുടുംബത്തിനു ഭൂമി വിട്ടുകൊടുത്ത സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചു.
ഭൂമിപ്രശ്നത്തിൽ കാഞ്ഞിരത്തിനാൽ കുടുംബത്തിലെ കട്ടക്കയം ജയിംസ് വയനാട് കലക്ടറേറ്റ് പടിക്കൽ 2015 ഓഗസ്റ്റ് 15 മുതൽ സത്യഗ്രഹം നടത്തിവരികയാണ്.
ഫോറസ്റ്റ് ട്രിബ്യൂണലിന്റെയും പിന്നീട് ഹൈക്കോടതിയുടെയും ഉത്തരവുകളിൽ പരാമർശിക്കുന്നതു യഥാർഥത്തിൽ കാഞ്ഞിരത്തിനാൽ കുടുംബം അവകാശവാദം ഉന്നയിക്കുന്ന ഭൂമിയില്ല. ഇതു സംബന്ധിച്ച് വിവരാവകാശ നിയമം ഉപയോഗപ്പെടുത്തി നേടിയതടക്കം രേഖകൾ സഹിതമാണ് പ്രദീപ്കുമാർ പരാതി നൽകിയത്.