കൽപ്പറ്റ: നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക സവിശേഷതകളും ഹരിതാഭയും വീണ്ടെടുക്കാൻ ഹരിത കേരള മിഷൻ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമിടുന്നു. ഗ്രാമങ്ങൾ തോറും ചെറുവനങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിൽ പച്ചത്തുരുത്തുകൾക്ക് തുടക്കം കുറിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയോ സന്നദ്ധ സംഘനകളുടെയോ, പൊതു സ്ഥാപനങ്ങളുടെയോ, വകുപ്പുകളുടെയോ, വ്യക്തികളുടെയോ നേതൃത്വത്തിൽ സ്ഥലങ്ങൾ കണ്ടെത്തി തദ്ദേശീമായ വൃക്ഷങ്ങളും മറ്റു സസ്യങ്ങളും ഉൾപ്പെടുത്തി വനത്തിന്റെ സവിശേഷതകൾ രൂപപ്പെടുത്തുകയും അതിന്റെ തുടർ സംരക്ഷണവുമാണ് ലക്ഷ്യമിടുന്നത്.
ഓരോ തദ്ദശ സ്വയംഭരണ സ്ഥാപനത്തിന്റയും പരിധിയിൽ വരുന്ന ഏത് പ്രദേശത്തും പച്ചത്തുരുത്തുകൾ നിർമ്മിക്കാം. പുഴകൾ, തോടുകൾ, കായലുകൾ, കുളങ്ങൾ തുടങ്ങി ജലസ്രോതസുകളുടെ കര, കുന്നിൻ ചെരിവുകൾ, പാറ പ്രദേശങ്ങൾ എന്നിവയെല്ലാം പച്ചത്തുരുത്തുകൾക്ക് അനുയോജ്യമാണ്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമികൾ, പുറമ്പോക്കുകൾ, നഗര ഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം ചെറുവനങ്ങൾ സൃഷ്ടിക്കും. അര സെന്റ് വിസ്തൃതിയിലുള്ള ഭൂമിയിലും പച്ചത്തുരുത്തുകൾ സ്ഥാപിക്കും. സ്ഥലത്തിന്റെ പ്രത്യേകതകൾക്കനുസരിച്ചായിരിക്കും വൃക്ഷ തൈകളുടെ തെരഞ്ഞെടുപ്പ്.
പച്ചത്തുരുത്തിന്റെ ആരംഭഘട്ടം മുതൽ മൂന്ന് മുതൽ അഞ്ചു വർഷത്തെ തുടർ പരിപാലനവും തൊഴിലുറപ്പ് പദ്ധതിയിൽ ഉറപ്പ് വരുത്തും.
വിവേചന രഹിതമായ ഇടപെടലുകൾ പ്രകൃതിയുടെ സന്തുലനശേഷിയെ തകിടം മറിച്ച സാഹചര്യത്തിലാണ് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെയുള്ള ക്യാമ്പയിനായി തദ്ദേശ സ്വയം ഭരണസ്ഥാപന തലത്തിൽ പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കുന്നത്.
ക്യാമ്പെയിനിന്റെ ജില്ലാതല സാങ്കേതിക സമിതി യോഗം ചൊവ്വാഴ്ച (28ന്) ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്തിൽ ചേരും.