തലപ്പുഴ:പ്രളയം തകർത്തെറിഞ്ഞ തലപ്പുഴ കൈതക്കൊല്ലി വയനാം പാലത്തിന് ശാപമോക്ഷമായില്ല. മഴക്കാലമായാൽ വാഹനഗതാഗതം മുടങ്ങും.സമീപത്തെ റോഡ് തകർന്നത് നന്നാക്കാത്തതിനാൽ മഴക്കാലമാവുന്നതോടെ കൈതക്കൊല്ലി മക്കിമല പ്രദേശത്തുകാർ ഒറ്റപ്പെടുമെന്ന കാര്യം ഉറപ്പ്. അധികൃതർ മുൻകൈ എടുത്ത് പോംവഴി കണ്ടെത്തിയില്ലങ്കിൽ ഇതുവഴി ഓടുന്ന ഏക സ്വകാര്യ ബസ്സും നിലയ്ക്കാനാണ് സാധ്യത.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം പ്രദേശത്തെ രണ്ട് മനുഷ്യ ജീവനുകൾ അപഹരിച്ചതോടൊപ്പം നാടൊന്നാകെ തകർത്തെറിഞ്ഞാണ് മടങ്ങിയത്. കൈതക്കൊല്ലി വയനാം പാലം തകർന്നതോടൊപ്പം സമീപത്തെ റോഡ് രണ്ടായി മുറിഞ്ഞ് പുഴഗതി മാറി ഒഴുകുകയും ചെയ്തു.
കൈതക്കൊല്ലി റോഡ് ക്വാറി വളവിന് സമീപം ഇടിഞ്ഞ് നിരങ്ങുകയും ഉണ്ടായി. ഇതോടെ കൈതക്കൊല്ലി, മക്കിമല പ്രദേശം ഒറ്റപ്പെട്ട നിലയിലുമായി. പ്രദേശത്തെ നിരവധി കുടുംബങ്ങൾ ഒന്നര മാസത്തോളം ക്യാമ്പുകളിലായിരുന്നു കഴിഞ്ഞത്. വാഹന ഗതാഗതവും താറുമാറായി. മക്കിമലയിലേക്ക് സർവ്വീസ് നടത്തിയിരുന്ന ഏക സ്വകാര്യ ബസ്സും ഓട്ടം നിർത്തി. പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി തകർന്ന പാലവും താല്ക്കാലിക റോഡും നിർമ്മിച്ച് വാഹനഗതാഗത യോഗ്യമാക്കിയെങ്കിലും നാളിതുവരെ സർക്കാരിൽ നിന്നോ ത്രിതല പഞ്ചായത്തുകളിൽ നിന്നോ ഒരു ഇടപെടലും ഉണ്ടായില്ല.
ഇപ്പോൾ വാഹന സർവ്വീസ് നടത്തുന്നുണ്ടെങ്കിലും മഴക്കാലമായാൽ എങ്ങനെ സർവ്വീസ് നടത്തുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. അധികൃതർ മുൻകൈ എടുത്ത് പാലവും തകർന്ന റോഡുകളും നന്നാക്കിയില്ലങ്കിൽ വരുന്ന മഴക്കാലത്ത് വീണ്ടും കൈതക്കൊല്ലി, മക്കിമല പ്രദേശത്തുകാർ ഒറ്റപ്പെടും.