rishi
വടക്കേൽ ജോസഫ് ഫ്രാൻസീസും കുടുംബവും വീട് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു

മാനന്തവാടി: പ്രളയം നാശം വിതച്ച വയനാടിന് സാന്ത്വനവുമായി മൈസൂരുവിലെ റിഷി എന്ന സ്ഥാപനം.നെസ്‌ലേ പോലുള്ള വൻകിട കമ്പനികൾക്ക് ഭക്ഷ്യവസ്തുക്കളും മരുന്ന് കമ്പനികൾക്ക് മരുന്ന് അയയ്ക്കാനുള്ള ബാഗുകളും നിർമ്മിക്കുന്ന റിഷി വയനാട്ടിൽ സ്ഥായിയായ പുനരധിവാസ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. മലയാളിയായ മാനന്തവാടി സ്വദേശി കൊയിലേരി വടക്കേൽ ജോസഫ് ഫ്രാൻസീസിന്റെ ഉടമസ്ഥതയിലുള്ളതാണ് റിഷി .

കഴിഞ്ഞ കുറേ വർഷങ്ങളായി മാനന്തവാടി ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ സ്പന്ദനത്തിന്റെ രക്ഷാധികാരി കൂടിയാണ് ജോസഫ് ഫ്രാൻസിസ്. നിർധന രോഗികൾക്ക് ഭക്ഷണം, ഡയാലിസിസ് യൂണിറ്റിലെ ജീവനക്കാരുടെ ശമ്പളം, പ്രതിമാസം 50,000 രൂപയുടെ മരുന്ന് എന്നിവ വിതരണം ചെയ്തുവരുന്നുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തിനുളളിൽ സ്പന്ദനം വഴി 1.60 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനം നടത്തി. നിർധനരായ മിടുക്കരായ വിദ്യാർത്ഥികൾക്ക് പഠിക്കാൻ താൽപ്പര്യമുള്ള കോഴ്‌സും പഠിപ്പിച്ച് ആ കുട്ടികളുടെ ആരോഗ്യ വിദ്യാഭ്യാസ വികസനത്തിന് വേണ്ടി ആവശ്യത്തിനുള്ള റിഷി ഗ്രൂപ്പ് മുടക്കും .
പ്രതിവർഷം ആയിരം കോടിയുടെ അറ്റാദായമുള്ള റിഷിയിൽ ഇന്ന് അയ്യായിരം ജീവനക്കാരുണ്ട്.

കേരളം കൂടാതെ കർണാടകത്തിലും ഗുജറാത്തിലും നിരവധി ജീനകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ഒണ്ടയങ്ങാടി എടപ്പടിയിൽ സ്വന്തമായുള്ള അമ്പത് സെന്റ് സ്ഥലത്ത് ഏഴ് വീടുകളുടെ നിർമ്മാണം പൂർത്തിയായി വരികയാണ്. എല്ലാ വർഷവും മഴക്കാലത്ത് വെള്ളം കയറി ക്യാമ്പുകളിൽ കഴിയേണ്ടി വരുന്ന ഏഴ് കുടുംബ ങ്ങൾക്കാണ് വീട്ടുപകരണങ്ങൾ ഉൾപ്പടെ എല്ലാ സൗകര്യങ്ങളോടും കൂടി വീടുകൾ തയ്യാറാകുന്നത്. സ്പന്ദനം സ്‌നേഹവീട് എന്ന് പേരിട്ടിരിക്കുന്ന വീടുകളുടെ നിർമ്മാണവും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളും ജനറൽ മാനേജർ ജോഷി ബേസിൽ, മാനന്തവാടിയിലെ പൊതുപ്രവർത്തകൻ ഇബ്രാഹിം കൈപ്പാണി, സ്പന്ദനം പ്രസിഡന്റ് ബാബു ഫിലിപ്പ് എന്നിവർ ചേർന്ന് വിവിധ സന്നദ്ധ സംഘടനകൾ വഴി ഏകോപിപ്പിക്കുന്നു.