പേരാമ്പ്ര : മഞ്ഞപിത്തം പടരുന്ന ചങ്ങരോത്ത്, കൂത്താളി പഞ്ചായത്തുകളിലെ കിഴക്കയിൽകുന്ന് മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി .ഇന്നലെചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മേഖലയിൽ മെഡിക്കൽ ക്യാമ്പ് നടത്തി. പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചയോളമായി നൂറോളം പേർക്ക് മഞ്ഞപിത്ത ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ്, പേരാമ്പ്ര, കുറ്റ്യാടി താലൂക്ക് ആശുപത്രി, വിവിധ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. മെഡിക്കൽ ക്യാമ്പ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ചെറുവോട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി. സരീഷ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ വിജേഷ് ഭാസ്‌ക്കർ, ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൺ, മറ്റ് ആരോഗ്യ പ്രവർത്തകർ ക്യാമ്പിന് നേതൃത്വം നൽകി. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് മൂസ കോത്തമ്പ്ര, കൂത്താളി ഗ്രാമപഞ്ചായത്ത് അംഗം ഇ.ടി. സത്യൻ, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. ലീല, എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. ക്യാമ്പിൽ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.