കോഴിക്കോട്: കനോലി കനാലിന്റെ ഒഴുക്കിന് ഭീഷണിയായ കുളവാഴ നീക്കം ചെയ്യുന്ന ജോലി പുരോഗമിക്കുന്നു. ജലപാത പദ്ധതിയുടെ ഭാഗമായി കനാലിന്റെ ആഴം കൂട്ടുന്നതിനായാണ് കുളവാഴകൾ നീക്കം ചെയ്യുന്നത്. സരോവരം ഭാഗത്തെ കുളവാഴയാണ് അക്വാറ്റിക് ഷ്രെഡർ ഉപയോഗിച്ച് മുറിച്ചുമാറ്റിയത്. മറ്റു സ്ഥലങ്ങളിലെതും മാറ്റേണ്ടതുണ്ട്. ഈ ജോലി തീരാൻ ഏതാനും ദിവസം കൂടെ വേണ്ടി വരുമെന്ന് കരാറുകാർ പറഞ്ഞു.
കനാലിലെ ചെളി നീക്കം ചെയ്യുന്ന പ്രവൃത്തിയും ഏകദേശം 70 ശതമാനത്തോളം പൂർത്തിയായി വരുകയാണ്. മൂന്നുമാസം കൊണ്ട് കല്ലായി പുഴയ്ക്കും കോരപ്പുഴയ്ക്കുമിടയിലുള്ള 11.2 കിലോ മീറ്റർ കനോലി കനാൽ ഒന്നര മീറ്റർ ആഴത്തിൽ വരെ ചെളി നീക്കാനാണ് പദ്ധതി. കനാലിലേക്ക് വീണുകിടക്കുന്ന മരങ്ങളും സമീപത്തുള്ള കുറ്റിക്കാടുകളും വെട്ടുന്ന ജോലിയും അന്തിമഘട്ടത്തിലാണ്. കേരള വാട്ടർ വേയ്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ആണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. 46 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. കനോലി കനാൽ ആഴം കൂട്ടുന്നതോടെ ബോട്ട് സർവീസ് തുടങ്ങും. കനോലി കനാൽ, കല്ലായിപ്പുഴ, കോരപ്പുഴ, ബീച്ച് വഴിയുള്ള ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് ഇതോടെ സാധ്യത തെളിയുകയാണ്. ഇതിന്റെ പ്രോജക്ട് റിപ്പോർട്ട് ടൂറിസം പ്രമോഷൻ കൗൺസിൽ തയ്യാറാക്കി വരികയാണ്. സരോവരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാനും നീക്കം നടത്തുന്നുണ്ട്.
# കയ്യേറ്റങ്ങൾ ഒഴിപ്പിക്കും
കനോലി കനാലിനോട് ചേർന്നുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ റവന്യൂവകുപ്പ് പ്രാഥമിക നടപടികൾ തുടങ്ങി. റവന്യൂവകുപ്പ് നടത്തിയ സർവേയിൽ 13 ഇടങ്ങളിലാണ് കയ്യേറ്റം കണ്ടെത്തിയത്. പുതിയറയിൽ 15 സെ്ന്റ് സ്ഥലം കയ്യേറിയതായി ശ്രദ്ധയിൽപെട്ടിരുന്നു. പുതിയറ മുതൽ മൂര്യാട് വരെ 38 സെന്റ് സ്ഥലം കയ്യേറിയതായാണ് വിവരം. ചെറിയ നിർമാണപ്രവർത്തനങ്ങൾ വഴിയാണ് പലയിടത്തും കയ്യേറ്റം സാധ്യമാക്കിയത്. മരത്തടികൾ നിരത്തി കയ്യേറിയവരും ഉണ്ട്. കയ്യേറ്റക്കാർക്ക് റവന്യൂവകുപ്പ് ഇതിനകം നോട്ടീസ് നൽകിയിട്ടുണ്ട്. കല്ലായിപ്പുഴ കയ്യേറ്റം സംബന്ധിച്ച കേസ്‌കോടതിയിലാണ്. ഇക്കാര്യത്തിലും ശക്തമായ നീക്കം നടത്താനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്.