കോഴിക്കോട്: വേനലവധിക്കു ശേഷം സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ സ്കൂൾ പരിസരങ്ങൾ ലഹരിവിമുക്തമാക്കാൻ എക്സൈസ് വകുപ്പ് നടപടി തുടങ്ങിക്കഴിഞ്ഞു.

ഇതിന്റെ മുന്നോടിയായി എക്സൈസ് സംഘം സ്കൂൾ പരിസരങ്ങളിലെ കടകളിൽ പരിശോധന തുടങ്ങി. സ്കൂൾ പരിസരങ്ങളിലെ കടകളിൽ ലഹരി വസ്തുക്കളുടെ വില്പന ഇല്ലെന്ന് ഉറപ്പ് വരുത്താനായിരുന്നു പരിശോധന. പരിശോധനയോടൊപ്പം തന്നെ സ്കൂൾ പരിസരങ്ങളിൽ ലഹരി വസ്തുക്കൾ വില്പന നടത്തരുതെന്ന താക്കീതും എക്സൈസ് സംഘം നൽകുന്നുണ്ട്.

ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ലഹരി വസ്തുക്കൾ കൊണ്ട് ഉണ്ടാവുന്ന ദൂഷ്യങ്ങൾ വിവരിക്കുന്ന ലഘുലേഖകളും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിതരണം ചെയ്യുന്നുണ്ട്. സ്കൂൾ തുറക്കുന്ന സമയത്ത് മുഴുവൻ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും എത്തിക്കാനാണ് ശ്രമം.

പല വിദ്യാർത്ഥികളും കൗതുകത്തിനാണ് ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങുന്നത്. പതിയെ ലഹരിക്ക് അടിമയായി മാറുന്നു.

കുട്ടികളെ ലഹരിയിലേക്ക് കൊണ്ട് വരാൻ വില്പനക്കാർ നിരന്തരം ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന സാഹഹചര്യത്തിൽ രക്ഷിതാക്കൾ ജാഗ്രതയോടെ പ്രവർത്തിക്കണം.കുട്ടികളുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണം. ലഹരി വസ്തുക്കളുടെ അടിമയാവുന്നതിന് മുമ്പ് കണ്ടെത്താൻ സാധിച്ചാൽ എളുപ്പത്തിൽ തിരുത്താൻ സാധിക്കും.

ലഹരി വസ്തുക്കളുടെ അടിമയായി കഴിഞ്ഞാൽ ഡി അഡിക്‌ഷൻ സെന്ററിൽ പ്രവേശിപ്പിക്കുക മാത്രമേ മാർഗമുള്ളു.ഡി അഡിക്‌ഷൻ സെന്ററിന്റെ ഫോൺ നമ്പറും ലഘുലേഖയിൽ ഉണ്ട്.

വിദ്യാലയങ്ങളെ പൂർണ്ണമായും ലഹരി വിമുക്തമാക്കുകയാണ് എക്സൈസ് വകുപ്പിന്റെ ലക്ഷ്യമെന്ന് കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണർ വി. ആർ അനിൽകുമാർ പറഞ്ഞു.