കുറ്റിയാടി: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ അനാസ്ഥയും, കെടുകാര്യസ്ഥതയും കാരണം കുന്നുമ്മൽ സി.എച്ച് സി.യുടെ പ്രവർത്തനം താളം തെറ്റുന്നു. കുന്നുമ്മൽ പഞ്ചായത്തിലെ നാലാം വാർഡിൽ മൊകേരി ഡങ്കിപനി റിപ്പോർട്ട് ചെയ്തിട്ടും, പനി വ്യാപകമായിട്ടും അധികൃതർക്ക് അനക്കമില്ലാത്തത് ആശങ്ക ഇരട്ടിയാക്കുന്നു. ഡങ്കി റിപ്പോർട്ട് ചെയ്തിടത്ത് ഫോഗിംങ്ങ് നടത്തിയിരുന്നു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രമായി ഉയർത്തിയിട്ട് വർഷങ്ങളായെങ്കിലും ഞായറാഴ്ചകളിൽ പ്രവർത്തിക്കേണ്ട ക്ലിനിക്ക് പ്രവർത്തിക്കുന്നില്ലന്ന് പരാതി ഉയർന്നിട്ട് കാലങ്ങളായി. കഴിഞ്ഞ മഴക്കാലത്ത് പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് നിലച്ച ഞായറാഴ്ച ക്ലിനിക് പ്രവർത്തനം നിലച്ചതോടെ രോഗികൾ ദുരിതത്തിലായിരിക്കുകയാണ്. ഞായറാഴ്ച പ്രവർത്തിക്കാത്തത് അറിയാതെ നിരവധി രോഗികൾ വന്നു മടങ്ങുന്ന അവസ്ഥയാണ്.
മലയോര മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നിന്നും ദിനേന ഇരുന്നൂറിലധികം രോഗികളെത്തുന്ന കക്കട്ടിലെ സി.എ.ച്ച് സി യുടെ ദുരവസ്ഥയിൽ നാട്ടുകാർ ആശങ്കയിലാണ്. ക്ലിനിക്ക് പ്രവർത്തനരഹിതമായതിനു പുറമേ രാവിലെ മുതൽ വൈകീട്ടു വരെ പ്രവർത്തിക്കേണ്ട ലാബ് ഉച്ചയ്ക്കുശേഷം പ്രവർത്തിക്കുന്നില്ലന്നും, സാംപിളുകൾ വാങ്ങുന്നില്ലന്നും പരാതിയുണ്ട്. പാലിയേറ്റീവു ക്ലിനിക്കിനും പ്രവർത്തന സമയം പാലിക്കാത്തതായി ആക്ഷേപമുണ്ട്. .സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു വേണ്ട തസ്തികകൾ സൃഷ്ടിക്കാത്തതു കാരണം ഞായറാഴ്ചകളിലേക്ക് ഫാർമസിസ്റ്റുകളും ലഭ്യമല്ലാത്തതും ക്ലിനിക്കിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട് . എന്നാൽ ചില സ്റ്റാഫുകൾ ഇവിടെ ഞായറാഴ്ച വന്നിരിക്കുന്നുണ്ട്. ഞായറാഴ്ചകളിൽ ജോലി ചെയ്യുന്ന സ്റ്റാഫുകൾ ഉൾപ്പെടെയുള്ളവർക്ക് മറ്റൊരു ദിവസം ഓഫ് ലഭിക്കുമെന്നത് കൊണ്ട് ഈ ദിവസങ്ങളിലെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുമെന്നതാണ് സ്ഥിതി. സി. എച്ച്.സി യിൽ മൂന്ന് അസിസ്റ്റന്റ് സർജൻമാരും, ഒരു സിവിൽ സർജനുമാണ് വേണ്ടത്. സ്റ്റാഫ് പാറ്റേൺ അനു സരിച്ച് , അനുബന്ധ സ്റ്റാഫും വേണമെന്നതാണ് വ്യവസ്ഥയെങ്കിലും തസ്തികകൾ സൃഷ്ടിക്കാത്തതു കാരണം ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്. കുറ്റിയാടി താലൂക്ക് ആശുപത്രിയിൽ നിന്നും വരുന്ന സ്റ്റാഫിനെയും ഡോക്ടറെയും കൊണ്ട് മുന്നോട്ട് പോകുന്ന സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സയും യാഥാർത്ഥ്യമാക്കാനായിട്ടില്ല.
ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കാൻ വർഷങ്ങൾക്ക് മുൻപ് വാർഡ് സജീകരിച്ചുവെങ്കിലും, നടപ്പിൽ വരുത്താനായിട്ടില്ല. വ്യാപാരികളിൽ നിന്നും ഇതിനായി കട്ടിലുകളുൾപ്പെടെയുള്ളവ ശേഖരിച്ചിരുന്നു. കിഴക്കൻ മലയോര മേഖലയിലെ നൂറുകണക്കിനാളുകളുടെ ആശ്രയ കേന്ദ്രമായ കുന്നുമ്മൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ശാപമോക്ഷം കാത്തു കഴിയുകയാണ് നാട്ടുകാർ.ഞായറാഴ്ച പ്രവർത്തിക്കാത്തതു സാധാരണക്കാർക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയുണ്ടാക്കുകയും ചെയ്യും. അഞ്ച് രൂപ വേണ്ടിടത്ത് 200 രൂപയോളം ചെലവാകുമെന്നതാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
പടം.. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രം ഇന്നലെ ഞായറാഴ്ച അടഞ്ഞുകിടക്കുന്നു