waste
മാനന്തവാടി നഗരസഭ പരിധിയിൽ പ്ലാസ്റ്റിക് ശേഖരണം ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: മാലിന്യമില്ലാത്ത മാനന്തവാടി എന്ന സന്ദേശമുയർത്തി ഹരിത കേരള മിഷന്റ് ഭാഗമായി മാനന്തവാടി നഗരസഭ പരിധിയിൽ പ്ലാസ്റ്റിക് ശേഖരണം ആരംഭിച്ചു.പുതുതായി രൂപീകരിച്ച ഹരിത കർമ്മ സേന അംഗങ്ങളാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നത്.

നഗരസഭ പരിധിയിലെ ഒരോ ഡിവിഷനിൽ നിന്നും തെരഞ്ഞടുക്കപ്പെട്ട രണ്ടംഗങ്ങൾ വീതം 72 പേരാണ് കർമ്മ സേനയിലുള്ളത്.ഇവർക്ക് യൂണിഫോമും, തിരിച്ചറിയൽ കാർഡും നഗരസഭ നൽകിയിട്ടുണ്ട്. വേങ്ങര ആസ്ഥാനമായി പ്രവർത്തിക്കുന്ന നിറവ് ഹരിത സഹായ സ്ഥാപനമാണ് നോഡൽ ഏജൻസി. കർമ്മസേനയിലെ അംഗങ്ങൾക്ക് ആവശ്യമായ ക്ലാസ്സുകൾ, പരിശീലന പരിപാടികൾ എന്നിവ നൽകുന്ന തൊടൊപ്പം മാലിന്യങ്ങൾ വേർതിരിക്കുന്നതടക്കമുള്ള സാങ്കേതിക സഹായവും ഈ ഏജൻസിയാണ് നൽകുന്നത്. ജൈവ, അജൈവ മാലിന്യങ്ങൾ എന്ത് ഇവ ഏങ്ങനെ വേർതിരിക്കാം എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായ നിർദ്ദേശങ്ങൾ പൊതുജനത്തിന് നൽകുന്നതോടൊപ്പം, വീടും പരിസരവുമെല്ലാം പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ബോധവൽക്കരണവും കർമ്മ സേന അംഗങ്ങൾ നൽകും. മാസത്തിൽ ഒരു തവണയാണ് ഇവർ പ്ലാസ്റ്റിക്കുകൾ ശേഖരിക്കുക.

വൃത്തിയുള്ള പ്ലാസ്റ്റിക്കുകൾ ശേഖരിക്കുന്നതിന് വീടുകളിൽ നിന്ന് 30 രൂപയും കടകളിൽ നിന്ന് 50 രൂപയും മറ്റ് സ്ഥാപനങ്ങളിൽ നിന്ന് 100 രൂപ മുതൽ 200 രൂപ വരെയുമാണ് ഈടാക്കുന്നത്.ശേഖരിച്ച മാലിന്യങ്ങൾ മെറ്റീരിയൽ കളക്ഷൻ സംവിധാനം (എം സി എഫ്) ഉപയോഗിച്ച് ഷെഡിംഗ് യൂണിറ്റുകളിൽ വെച്ച് തരംതിരിക്കും. ഇത് നിറവിന്റ് സഹായത്തോടെ ടെൻഡർ ചെയ്ത് വിൽപ്പന നടത്താനും, പരീക്ഷണാടിസ്ഥാനത്തിൽ വൻ വിജയമായി തീർന്ന ടാറിംഗ് പ്രവർത്തികൾക്ക് നൽകാനുമാണ് ഉദ്ദേശിക്കുന്നത്.

ആദ്യഘട്ടത്തിൽ നഗരസഭയിലെ 10 ഡിവിഷനുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

പ്ലാസ്റ്റിക് ശേഖരണത്തിന്റ് ഉദ്ഘാടനം നഗരസഭ ചെയർമാൻ വി ആർ പ്രവീജ് നിർവ്വഹിച്ചു വൈസ് ചെയർപേഴ്‌സൺ ശോഭാ രാജൻ, കൗൺസിലർമാരായ പിടി ബിജു, അബ്ദുൾ ആസിഫ്, ശാരദാ സജീവൻ, ബി ഉണ്ണികൃഷ്ണൻ, കർമ്മസേന ഭാരവാഹികളായ റോസ ബിൻസി, പ്രിൻസി ജോർജ്ജ് നഗരസഭ ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ സംബന്ധിച്ചു. നിറവ് കോർഡിനേറ്റർ കെ ആർ രാജേഷ്, ഒ ജെ ബിന്ദു എന്നിവരാണ് പ്ലാസ്റ്റിക് ശേഖരണത്തിന് നേതൃത്വം നൽകുന്നത്.