കൽപ്പറ്റ : സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പി തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫീ ബോർഡ് സബ്‌സിഡികൾ നൽകും.
കിണർ, കുളം, സ്പ്രിങ്ക്‌ളർ, ഡ്രിപ്പ് തുടങ്ങിയ ജലസേചന പദ്ധതികൾക്കും ഉൽപ്പാദനം മുരടിച്ച തോട്ടങ്ങളിലെ കാപ്പി ചെടികൾ വെട്ടി മാറ്റി ആവർത്തന കൃഷി ചെയ്യുന്നതിനും സബ്‌സിഡിയുണ്ട്.

കൂടാതെ ചെറുകിട കാപ്പി കർഷകർക്ക് കാപ്പി വിപണനം നടത്താനുള്ള സാമ്പത്തിക സഹായവും പാരിസ്ഥിതിക സാക്ഷ്യ പത്രം ലഭിക്കുന്നതിനുള്ള സഹായവും കിട്ടും.

സ്വയം സഹായ സംഘങ്ങൾക്കും സഹകരണ സ്ഥാപനങ്ങൾക്കും കാപ്പി വിപണനം നടത്തുന്നതിനായി കാപ്പി പരിപ്പിനു കിലോഗ്രാമിന് നാലു രൂപ നിരക്കിൽ ധനസഹായവും നൽകും. പത്തു ഹെക്ടർ വരെ കാപ്പി കൃഷി ഉള്ള കർഷകർക്കും കൂട്ടായ്മകൾക്കും പാരിസ്ഥിതിക സാക്ഷ്യപത്രം ലഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക ചിലവിന്റെ 50 ശതമാനം ആണ് സബ്‌സിഡി ആയി ലഭിക്കുക . ഇത് പരമാവധി 50000 രൂപ ആയി നിജപ്പെടുത്തിയിട്ടുണ്ട് .

അപേക്ഷകർ പണി തുടങ്ങുന്നതിനു മുമ്പ് കോഫി ബോർഡിന്റെ ലൈസൺ ഓഫീസുകളിൽ അപേക്ഷ നൽകി അംഗീകാരം വാങ്ങണം.