പേരാമ്പ്ര:കാവിലുംപാറ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ കാവിലുംപാറ പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. 22 ദിവസമായി ഇവിടെവെള്ളം ലഭിക്കാത്ത അവസ്ഥയാണ്. അത് പരിഹരിക്കുന്നതിനുള്ള നടപടികളൊന്നും വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും
നിരന്തരം ആവശ്യപ്പെട്ടെങ്കിലും മോട്ടോറിന് തകരാർ സംഭവിച്ചെന്നാണ് അധികൃതരുടെ ഭാഗത്ത് നിന്നും നൽകിയ മറുപടിയെന്നും പരാതി ഉയർന്നു . തൊട്ടിൽപാലത്ത് പല ഹോട്ടലുകളും വെള്ളം ലഭിക്കാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്. പല വീടുകളിലും വെള്ളമില്ലാത്തതിനാൽ ആളുകൾ ബന്ധുവീടുകളിലേക്ക് മാറി താമസിച്ചിരിക്കുകയാണ്. ധർണ്ണയിരിക്കുന്ന കാര്യം വാട്ടർ അതോറിറ്റിയെ അറിയിച്ചതാണ്. ധർണ്ണ തുടങ്ങിയ ശേഷം ചർച്ച നടന്നെങ്കിലുംപരാജയപ്പെട്ടു .. വെള്ളമെത്തിക്കുന്നതുവരെ ധർണ്ണ തുടരാനാണ് കാവിലുംപാറ പഞ്ചായത്ത് അധികൃതരുടെ തീരുമാനം. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോർജ്, വൈസ്പ്രസിഡന്റ് പി.പി. ചന്ദ്രൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പുഷ്പ തോട്ടിൻചിറ, സ്റ്റാൻിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.പി. ഷംസീർ, അല്ലി ബാലചന്ദ്രൻ, കെ.കെ. മോളി, റീന കുര്യൻ, സി.ആർ. സുരേഷ്, നൈസി ജോസ് എന്നിവർ ധർണയിൽ പങ്കെടുത്തു.

ഫോട്ടോ: പേരാമ്പ്ര വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ കാവിലുംപാറ പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ