കൽപ്പറ്റ: വിദ്യാർഥികളെ കാർഷിക മേഖലയിലേക്ക് അടുപ്പിക്കാൻ കാർഷികവികസന കർഷകക്ഷേമ വകുപ്പ് പച്ചക്കറി വിത്തുകൾ നൽകുന്നു. 151000 പച്ചക്കറിവിത്ത് പാക്കറ്റുകളാണ് ഇതിനായി തയ്യാറാക്കുന്നത്. ജൂൺ മാസത്തിൽ ഇതിന്റെ ഉദ്ഘാടനം ജില്ലയിൽ നടക്കും. ഇതിന് പുറമെ കർഷകർക്കായി 59000 പച്ചക്കറി വിത്ത്പാക്കറ്റുകളും വിതരണം ചെയ്യും.
ഓണത്തിനൊരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തോടെ ഓണക്കാലത്തെ ഉയർന്ന ആവശ്യം നേരിടാനും മറുനാടൻ പച്ചക്കറി ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പച്ചക്കറി തൈകളും വിത്തും വിതരണം ചെയ്യുക.
സ്‌കൂളുകളിൽ 10 സെന്റിൽ കുറയാത്ത പച്ചക്കറി കൃഷിചെയ്യുന്നതിനു 5000 രൂപ ധനസഹായം നൽകും. ഇറിഗേഷൻ യൂണിറ്റ് ആവശ്യമുള്ള രണ്ട് സ്‌കൂളുകൾക്ക് 10000 രൂപ വീതം സഹായം നൽകും. 50 സെന്റിൽ കുറയാത്ത പച്ചക്കറികൃഷി ചെയ്യാനാഗ്രഹിക്കുന്ന സ്വകാര്യ, പൊതുസ്ഥാപനങ്ങൾക്കു പദ്ധതി നിർദേശാടിസ്ഥാനത്തിൽ ഒരു ലക്ഷം രൂപവരെ അനുവദിക്കും. പച്ചക്കറി വികസന പദ്ധതിയുടെ പ്രധാന ഘടകങ്ങളായ പ്രതികൂല കാലാവസ്ഥയിലും പച്ചക്കറി കൃഷിചെയ്യാൻ സാധ്യമാക്കുന്ന മഴമറ (50000 രൂപ സബ്‌സിഡി) ഏറെനാൾ പച്ചക്കറിയുല്പന്നങ്ങൾ കേടുകൂടാതെ സൂഷിച്ചുവക്കാൻ ഉപകരിക്കുന്ന ഊർജ്ജരഹിതശീതീകരണ അറ (15000 രൂപ സബ്‌സിഡി), പമ്പ്‌സെറ്റുകൾ (10000 രൂപ സബ്‌സിഡി), സ്‌പ്രേയറുകൾ (1500 രൂപ സബ്‌സിഡി), തരിശുനിലത്തിലെ പച്ചക്കറിക്കൃഷി (300000 രൂപ സബ്‌സിഡി), മൈക്രോ ഇറിഗേഷൻ യൂണിറ്റ് (300000 രൂപ സബ്‌സിഡി) എന്നിവയും നൽകുന്നുണ്ട്. ക്ലസ്റ്റർ അടിസ്ഥാന പച്ചക്കറി കൃഷി 5 ഹെക്ടർ കുറയാത്ത സ്ഥലത്തു 15 ൽ കുറയാത്ത കർഷകകൂട്ടായ്മയിൽ പച്ചക്കറി കൃഷിചെയ്യുന്ന സംഘങ്ങൾക്ക് 75000 രൂപയും നൽകും.
കൂടുതൽ വിവരങ്ങൾക്കും സബ്‌സിഡിക്കുമായി അതാതു കൃഷിഭവനുമായി ബന്ധപ്പെടണം. ഓഫീസ് പ്രവർത്തിസമയങ്ങളിൽ 9496696828 നമ്പറിൽ നിന്നും വിവരങ്ങൾ ലഭ്യമാകും.
മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ്ങ്
27 കേസുകൾ തീർപ്പാക്കി
കൽപ്പറ്റ: മനുഷ്യാവകാശ കമ്മീഷൻ അംഗം പി മോഹനദാസ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങിൽ 27 കേസുകൾ തീർപ്പാക്കി. മൊത്തം 52 കേസുകളാണ് പരിഗണിച്ചത്. ശേഷിക്കുന്ന കേസുകൾ ജൂലൈ 17 ലേക്കു മാറ്റി.
കെഎസ്ആർടിസി ബസിൽനിന്ന് യാത്രക്കാരനെ ഇറക്കിവിട്ടതുമായി ബന്ധപ്പെട്ട പരാതിയിൽ കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തു. ഡ്രൈവർക്കെതിരെ നടപടിയെടുക്കും. മാനന്തവാടിയിൽ യാദവ സമുദായത്തിൽപെട്ട പെൺകുട്ടി സമുദായ ആചാരപ്രകാരമല്ലാതെ വിവാഹം കഴിച്ചതിനാൽ ഭ്രഷ്ടു കൽപിച്ചെന്ന പരാതിയിൽ ആർഡിഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്മേൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷൻ അംഗം അറിയിച്ചു.
(ചിത്രം..)
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട സെക്ഷനിലെ എള്ളുമന്ദം, പള്ളിയറ, ചൊവ്വ, കല്ലോടി, അയിലമൂല, മൂളിത്തോട്, വാളേരി, കുനിക്കരച്ചാൽ, സി.ടി.മുക്ക് എന്നിവിടങ്ങളിൽ ഇന്ന് (29) രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ ചെന്നലോട്, ലൂയിസ് മൗണ്ട് എന്നിവിടങ്ങളിൽ ഇന്ന് (29) രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ട്യൂട്ടർ നിയമനം
മാനന്തവാടി: മാനന്തവാടി ട്രൈബൽ ഡെവലപ്‌മെന്റെ് ഓഫീസിന് കീഴിലുള്ള പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്, കണക്ക്, സയൻസ് വിഷയങ്ങളിൽ ട്യൂഷൻ നൽകുന്നതിന് പാർട്ട് ടൈം ട്യൂട്ടർമാരെ താത്കാലികമായി നിയമിക്കുന്നു. അതത് വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, ബി.എഡ് യോഗ്യതയുള്ള മാനന്തവാടി താലൂക്കിൽ സ്ഥിരതാമസമുള്ളവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ കുറഞ്ഞ യോഗ്യതയുള്ളവരെ പരിഗണിക്കും. സ്ഥാപനങ്ങളുടെ സമീപവാസികൾക്ക് മുൻഗണന. കൂടിക്കാഴ്ച മെയ് 29ന് ഉച്ചയ്ക്ക് 2 ന് മാനന്തവാടി ട്രൈബൽ ഡവലപ്‌മെന്റെ് ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. പ്രതിമാസം 48 മണിക്കൂർ ക്ലാസെടുക്കുന്നതിന് എൽ.പി, യു.പി വിഭാഗത്തിന് 5000 രൂപയും എച്ച്.എസ് വിഭാഗത്തിന് 5,500 രൂപയും ഹോണറേറിയം.
മിനിമം വേതനം തെളിവെടുപ്പ് യോഗം
കൽപ്പറ്റ: ഭക്ഷ്യ സംസ്‌കരണ മേഖല, സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ നോൺ ടീച്ചിംഗ് വിഭാഗം, പ്ലാസ്റ്റിക് വ്യവസായം എന്നീ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള തെളിവെടുപ്പ് യോഗം ജൂൺ 6ന് യഥാക്രമം രാവിലെ 11 നും ഉച്ചയ്ക്ക് 2 നും വൈകീട്ട് 3 നും കോഴിക്കോട് ഗാന്ധി റോഡ് ജില്ലാ വ്യവസായ കേന്ദ്രത്തിന് സമീപത്തുള്ള കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കും. തെളിവെടുപ്പ് യോഗത്തിൽ ഈ മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളിതൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കണം.
ടെണ്ടർ ക്ഷണിച്ചു
കൽപ്പറ്റ: കൽപ്പറ്റ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് ആവശ്യത്തിന് കരാറടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് മത്സരാടിസ്ഥാനത്തിൽ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ജൂൺ 10ന് വൈകീട്ട് 3.30 വരെ സ്വീകരിക്കും. ഫോൺ 04936 207014.
ഡി.എൽ.എഡ്. അപേക്ഷ ക്ഷണിച്ചു
2019 21 അദ്ധ്യയന വർഷത്തേക്കുള്ള ഡി.എൽ.എഡ്. കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂൺ 12. കൂടുതൽ വിവരങ്ങൾ www.education.kerala.gov.in വെബ് സൈറ്റിൽ ലഭിക്കും.