കോഴിക്കോട്: ജൂൺ 9 അര്‍ദ്ധരാത്രി മുതല്‍ നിലവില്‍വരുന്ന ട്രോളിംഗ് നിരോധനം കർശനമാക്കുന്നതിന്റെ ഭാഗമായി ബേപ്പൂരിൽ കൺട്രോൾ റൂം തുടങ്ങി.
കടല്‍ പട്രോളിംഗിനും കടല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനിലാണ് ആരംഭിച്ചിട്ടുള്ള്ത്. കണ്‍ട്രോള്‍ റൂം നമ്പര്‍ 0495 2 414074. കടല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കടലില്‍ നിരീക്ഷണത്തിനുണ്ടാവും. ഇവ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി എന്നിവിടങ്ങളിലാണുണ്ടാവുക. ഫൈബര്‍ വള്ളം ചോമ്പാല്‍ ബേസ് കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കും.
ട്രോളിംഗ് സംബന്ധിച്ച അറിയിപ്പ് കടലോരപ്രദേശങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്റായും പോസ്റ്റര്‍, നോട്ടീസ് എന്നിവ പതിച്ചും അറിയിക്കും. രക്ഷാദൗത്യങ്ങള്‍ക്കായി ഫിഷറീസ്, പോര്‍ട്ട്, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവ സംയുക്തമായുള്ള ടീമുകള്‍ സജ്ജമായിരിക്കും.
ട്രോളിംഗ് നിരോധനം മൂലം തൊഴില്‍ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ അനുവദിക്കുന്നതിനായി ഫിഷറീസ് വകുപ്പില്‍ നിന്ന് പട്ടിക കിട്ടുന്ന മുറയ്ക്ക് സിവില്‍ സപ്ലൈസ് നടപടിയെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.
സംസ്ഥാനമൊട്ടാകെ കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് ട്രോളിംഗ് നടപ്പാക്കുക. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി നടത്തുന്ന ട്രോളിംഗിന് മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെയും സഹകരണം ഉണ്ടാകണമെന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ജൂണ്‍ ഒമ്പതിന് മുമ്പ് കേരള തീരം വിടണമെന്ന് നിര്‍ദേശം നല്‍കുമെന്നും ജില്ലാ കളക്ടര്‍ സീറാം സാംബശിവ റാവു അറിയിച്ചു. രണ്ടു വള്ളങ്ങള്‍ ഉപയോഗിച്ചുളള പെയര്‍ ട്രോളിങും നിയമവിരുദ്ധമായ മറ്റ് എല്ലാ മത്സ്യബന്ധന രീതികളും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധന കാലയളവില്‍ സാധാരണ വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പരമ്പരാഗത മത്സ്യബന്ധനം നടത്താം.
എല്ലാ യാനങ്ങളിലും രജിസ്ട്രേഷന്‍ മാര്‍ക്ക് ഉണ്ടായിരിക്കണം. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ തിരിച്ചറിയല്‍ രേഖ, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ടൂള്‍ കിറ്റ്, ലൈഫ് ജാക്കറ്റ്, ആവശ്യത്തിന് ഇന്ധനം എന്നിവ കരുതണം.
ട്രോളിംഗ് നിരോധന കാലയളവിനുള്ളില്‍ മത്സ്യത്തൊഴിലാളികള്‍ ബോട്ട് അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടു പോകുന്നുണ്ടെങ്കില്‍ ഇക്കാര്യം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കണം.
യോഗത്തിൽ ഡി സി പി എ കെ ജലാലുദ്ദീന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ മുജീബ്, അഡീഷണല്‍ ഡയറക്ടര്‍ പി കെ രഞ്ജിനി, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ജയ മെര്‍ലിന്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍, പൊലീസ്, കോസ്റ്റ്ഗാര്‍ഡ്, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
..............
കോഴിക്കോട് ജില്ലയില്‍ 1006 യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടികളും 249 ഇന്‍ബോര്‍ഡ് എഞ്ചിന് ഘടിപ്പിച്ച വള്ളങ്ങളും 3792 ഔട്ട് ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ച വള്ളങ്ങളും 182 എഞ്ചിന്‍ ഘടിപ്പിക്കാത്ത വള്ളങ്ങളും അടക്കം 5229 യാനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ അന്യജില്ലകളില്‍ നിന്ന് എകദേശം 600-ഓളം ബോട്ടുകള്‍ ജില്ലയിലെ തീരക്കടലില്‍ പ്രവര്‍ത്തിക്കുന്നു.
നാല് ഫിഷറീസ് ഹാര്‍ബറുകളിലായി 27500 മത്സ്യത്തൊഴിലാളികളുണ്ട്.