കുറ്റ്യാടി: പ്രളയത്തിന് പിന്നാലെ എത്തിയ കെടുംവേനൽ ഭൂഗർഭ ജലലഭ്യതയെ ബാധിക്കുമെന്ന കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിപ്പ് തെറ്റിയില്ല. ജല അതോറട്ടറിയുടെ അശ്രദ്ധ കാരണം കുറ്റ്യാടി, തൊട്ടിൽ പാലം ഭാഗങ്ങളിൽ ഇപ്പോൾ വലിയ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. കുറ്റ്യാടി റിവർ റോഡ്, ഹൈസ്‌ക്കൂൾ റോഡ്, നാദാപുരം റോഡ് എന്നിവിടങ്ങളിൽ പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകി പാഴാവുകയാണ്. തൊട്ടിൽപ്പാലത്ത് ജല അതോറട്ടറിയുടെ കുടിവെള്ള വിതരണം നിലച്ചിട്ട് ഒരാഴ്ച്ച പിന്നിടുകയാണ്. മൂന്നാം കൈയിൽ വാട്ടർ അതോറട്ടറിയുടെ പമ്പ് ഹൗസിൽ നിന്നും ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്താണ് തൊട്ടിൽപ്പാലത്തും പരിസര പ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്നത്. ഇവിടെ ഒരാഴ്ച്ചയിലേറെയായി കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്. പൈപ്പിൽ വെള്ളമെത്താതതിനാൽ ദൂരസ്ഥലങ്ങളിൽ വാഹനത്തിലും മറ്റുമാണ് താൽക്കാലിക ആവശ്യത്തിനുള്ള വെള്ളം എത്തിക്കുന്നത്. പമ്പ്ഹൗസിലെ മോട്ടോർ കേടായത്ത് കാരണമാണ്
പമ്പിംങ്ങ് നടക്കാത്തത്. വരൾച്ച കാരണം കുടിവെള്ള ക്ഷാമം രൂക്ഷമായ അവസരത്തിൽ പോലും ജല അതോറട്ടറിയുടെ നിസംഗത കാരണം ജലവിതരണം നിലച്ചതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുകയാണ്