കോഴിക്കോട്: മത്സ്യത്തിന് പിന്നാലെ പച്ചക്കറി വിലയും കുതിക്കുന്നു. ഒരു മാസം മുമ്പ് കിലോഗ്രാമിന് 30 രൂപ ഉണ്ടായിരുന്ന തക്കാളിക്ക് പാളയം മാർക്കറ്റിൽ തന്നെ 45 രൂപയായി ഉയർന്നു കഴിഞ്ഞു. ഉൾപ്രദേശങ്ങളിൽ ഇതിലും കൂടുതാണ് . ചിലയിടങ്ങളിൽ 55 രൂപ വരെ ഉണ്ട്. മൊത്ത വ്യാപാരികൾ ചെറുകിട വ്യാപാരികളുടെ കടയ്ക്ക് മുന്നിൽ ഇറക്കിക്കൊടുക്കുന്നതാണെങ്കിലും വിലയിൽ മാറ്റമൊന്നുമില്ല. ഇതിന് ചെറുകിടക്കാർ പറയുന്ന ന്യായം കടുത്ത ചൂട് കാരണം വലിയ നഷ്ടം ഉണ്ടാവുന്നുവെന്നാണ്. രണ്ട് ദിവസം കൊണ്ട് 30 കിലോഗ്രാം വരുന്ന ഒരു പെട്ടിയ്ക്ക് 200 രൂപയാണ് വർദ്ധിച്ചത് . ഇന്നലെ പാളയം മാർക്കറ്റിൽ ഒരു പെട്ടി തക്കാളി 1200 രൂപയ്ക്കാണ് വിറ്റത്. ചൊവ്വാഴ്ച 1150 രൂപയായിരുന്നു വില. കഴിഞ്ഞ സീസണിൽ തക്കാളി കർഷകർക്ക് ഉണ്ടായ കനത്ത നഷ്ടം കാരണം കർഷകർ തക്കാളി കൃഷിയിൽ നിന്ന് പിന്മാറിയതാണ് പ്രശ്നമായത്. ഇതോടെ ഉല്പാദനം കുറഞ്ഞു. റംസാൻ ആയതോടെ ഡിമാന്റും വർദ്ധിച്ചു.
പച്ചമുളകിനും വില കുതിച്ചുയരുകയാണ്. ഇപ്പോൾ 60 രൂപയാണ് വില. റംസാൻ ആരംഭിക്കുന്നതിന് മുമ്പ് 40 രൂപയായിരുന്നു പച്ചമുളകിന്റെ വില.
ഇഞ്ചിക്കാണ് റെക്കോർഡ് വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. ഇന്നലെ കിലോഗ്രാമിന് 120 രൂപയായിരുന്നു പാളയം മർക്കറ്റിലെ ഇഞ്ചി വില. ഒരു മാസം മുമ്പ് 60 രൂപയായിരുന്നു. തക്കാളിപോലെ തന്നെ കഴിഞ്ഞ വർഷം ഇഞ്ചി കർഷർക്ക് ഉണ്ടായ കനത്ത നഷ്ടം കാരണം കർഷകർ കൃഷിയിൽ നിന്ന് പിന്മാറിയതാണ് വിലക്കയറ്റം രൂക്ഷമാക്കിയത്. കാരറ്റിനും വൻ വിലക്കയറ്റം ഉണ്ട്. സവാളയ്ക്കും ഇന്നലെ രണ്ട് രൂപ വർദ്ധിച്ചു.
അതെസമയം ചില പച്ചക്കറികൾക്ക് വില കുറഞ്ഞിട്ടുണ്ട്. നാടൻ ഇനങ്ങളായ വെള്ളരി, ഇളവൻ, പയർ എന്നിവയ്ക്ക് പുറമെ ഉരുളക്കിഴങ്ങിനും വില കുറഞ്ഞിട്ടുണ്ട്. റംസാൻ ആരംഭിച്ചതോടെ മത്സ്യത്തിന് തീ വിലയാണ്.