മാനന്തവാടി: മാനന്തവാടിയിലെ ലോട്ടറി വിൽപ്പനക്കാരനായിരുന്നു മണി.കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങി ഇരു കാലുകളും തകർന്നു.ദീർഘനാളത്തെ ചികിത്സയെ തുടർന്ന് ഊന്നുവടിയുടെ സഹായത്തോടെ കഷ്ടിച്ച് നടക്കാമെന്നായി.ലോട്ടറി വിൽപ്പന വീണ്ടും തുടർന്നു. എന്നാൽ ഇരുകാലുകളുടെയും വിറയൽ കൂടിയതിനാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. പരസഹായമില്ലാതെ നടക്കാനും പറ്റില്ല. ഭാര്യയും രണ്ട് കുട്ടികളുമടങ്ങിയ മണിയുടെ ജീവിതം പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരയിലാണ് -ആദിവാസി ജീവിതത്തിന്റെ നേർക്കാഴ്ച.
മാനന്തവാടി കോൺവെന്റ് കുന്ന് കോളനിയിലാണ് മണിയും കുടുംബവും. 2014ൽ മാനന്തവാടി ബസ്സ് സ്റ്റാന്റിൽ ലോട്ടറി വിൽപ്പന നടത്തുന്നതിനിടയിലാണ് ബസ് ദേഹത്തു കൂടി കയറിയിറങ്ങിയത്. ജീവിതത്തിന്റെ പകുതി അന്ന് അവസാനിച്ചു.
സാമ്പത്തിക സഹായം നൽകി കെ.എസ്.ആർ.ടി.സി മണിയെ സഹായിക്കേണ്ടതാണ്.വേണ്ട നിർദേശങ്ങൾ നൽകി കൂടെ നിൽക്കാൻ ട്രൈബൽ പ്രൊമോട്ടർമാർ ഉണ്ടാവേണ്ടതാണ്. ആദിവാസികൾക്ക് വീട് നിർമ്മിച്ചു നൽകാൻ പദ്ധതികളും ഉണ്ടാവേണ്ടതാണ്. സൗജന്യ റേഷൻ പോലുള്ള സഹായങ്ങൾക്കും അർഹതയുണ്ട്.
രേഖകൾ ,അപേക്ഷകൾ ,സത്യവാങ്മൂലങ്ങൾ, ആധാർ....അങ്ങനെ പലതും വേണം കാര്യങ്ങൾ ശരിയാവാൻ. താമസിക്കുന്ന കൂരക്ക് രേഖ പോലുമില്ലാത്ത മണിക്ക് ഇതെല്ലാം അന്യം. പക്ഷേ, വികസന പദ്ധതികൾ ആവശ്യക്കാരനെത്തേടി എത്തുകയാണെങ്കിൽ മണിയുടെ കൂരയും വീടായി മാറും. ചികിത്സ കിട്ടും. റേഷൻ കിട്ടും.മക്കളുടെ പഠനവും മുടക്കമില്ലാതെ നടക്കും.
ഇതു പോലുള്ള ഒരവസ്ഥയിൽ നിന്ന് ഒരാദിവാസിയെ രക്ഷിച്ചെടുക്കാൻ നിരവധി സംവിധാനങ്ങൾ സർക്കാറിനുണ്ട്. എന്നാൽ അതൊന്നും മണിയെത്തേടി എത്തിയിട്ടില്ല. ലോട്ടറി വിൽപ്പന കൂടി ഇല്ലാതായതോടെ കുടുംബം പട്ടിണിയിലേക്ക് നീങ്ങുകയുമാണ്.അച്ഛന്റെ കഷ്ടപ്പാട് കണ്ട് നൊമ്പരപ്പടാനേ ഒമ്പതാം ക്ളാസിൽ പഠിക്കുന്ന മകൾ രേണുകയ്ക്ക് കഴിയൂ. വരാനിരിക്കുന്ന കാലവർഷത്തെ അതിജീവിക്കാൻ ഇൗ കുടിലിന് കഴിയില്ലെന്ന് തീർച്ച.ഇപ്പോഴാണ് ഇൗ കുടുംബത്തിന് ആരുടെയെങ്കിലും സഹായം വേണ്ടത്.