മുക്കം: ഹയർ സെക്കൻഡറി പരീക്ഷയിൽ തിരിമറി നടത്തിയ കേസിലെ പ്രതിയായ നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി തള്ളി. പ്രിൻസിപ്പൽ കെ.റസിയയുടെമുൻകൂർ ജാമ്യാപേക്ഷയാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്ച തള്ളിയത്. മറ്റു പ്രതികളായ നിഷാദ് വി മുഹമ്മദ്, പി കെ.ഫൈസൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഇവർ ഇനി ഹൈക്കോടതിയെ സമീപിക്കാനാണ് സാദ്ധ്യത. കേസെടുത്ത് മൂന്ന് ആഴ്ചയോളമായിട്ടും പ്രതികളായ അദ്ധ്യാപകരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധമുയരുന്നുണ്ട്. പൊലീസിനു പകരം വിജിലൻസ് കേസന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുക്കം നഗരസഭയിൽ യു ഡി എഫ്പ്രമേയം അവതരിപ്പിച്ചങ്കിലും വോട്ടിനിട്ട് തള്ളുകയായിരുന്നു. മുക്കം സി.ഐ കെ.വി.ബാബുവിന്റെ നേതൃത്യത്തിലുള്ള അഞ്ചംഗ സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. ഒളിവിൽ കഴിയുന്ന പ്രതികൾ വിദേശത്തേയ്ക്ക് കടക്കാനുള്ള സാദ്ധ്യത പരിഗണിച്ച് രണ്ട് അദ്ധ്യാപകർക്കെതിരെ പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.