പേരാമ്പ്ര: പേരാമ്പ്ര സബ് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസ് പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും വാഹനങ്ങളുടെ പരിശോധന നടത്തി. പരിശോധനക്ക് എത്തിയ 79 വാഹനങ്ങളിൽ 72 വാഹനങ്ങളിലും ജിപിഎസ് സ്ഥാപിച്ചിട്ടില്ല. പുതിയ സാങ്കേതിക വിദ്യയായ ജിപിഎസ് വാഹനങ്ങളിൽ നിർബന്ധമാക്കിയിരിക്കുകയാണ്. ഐആർഎൻഎസ് എന്ന ഇന്ത്യൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച ജിപിഎസുകളാണ് വാഹനങ്ങളിൽ ഘടിപ്പിക്കേണ്ടത്. വാഹനങ്ങളിൽ ജിപിഎസുകൾ ഘടിപ്പിക്കാൻ സമയപരിധി അനുവദിച്ചു. മറ്റ് 16 വാഹനങ്ങൾക്ക് പരിശോധനയിൽ പൂർണ്ണതയില്ലാത്തതിനാൽ സർട്ടിഫിക്കറ്റ് നൽകിയില്ല. ഇന്ന് കാലത്ത് ഏഴു മുതൽ 10 വരെ കുറ്റിയാടി സിറാജുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും ഉച്ചക്ക് ഒരു മണി മുതൽ മൂന്ന് വരെ മുളിയങ്ങൽ സിറാജുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലുമാണ് നടന്നത്. വാഹനങ്ങളുടെ മെക്കാനിക്കൽ പരിശോധന, ജി.പി.എസ്, സ്പീഡ് ഗവർണർ പ്രവർത്തനക്ഷമത, ടയറുകൾ, ലൈറ്റുകൾ, വൈപ്പർ എമർജൻസി ഡോറുകൾ, ഹാൻഡിലുകൾ, കർട്ടൻ, സീറ്റുകൾ, പഠന സാമഗ്രികൾ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ എന്നിവയാണ് പരിശോധനാ വിധേയമാക്കിയത്. പരിേശാധനക്ക് എംവിഐ ഷംജിത്ത്, എഎംവിഐമാരായ റിജിത്ത്, സാജൻ എന്നിവർ നേതൃത്വം നൽകി.