മുക്കം: ദുർബല വിഭാഗങ്ങളുടെ ഭവന നിർമാണത്തിന് മുക്കം നഗരസഭയുടെ പ്രത്യേക സഹായ പദ്ധതി. കേന്ദ്ര സർക്കാരിൻെറ പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ)​യിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്കാണ് മുക്കം നഗരസഭ ഭവന നിർമാണത്തിന് പ്രത്യേകസഹായ പദ്ധതി ആരംഭിച്ചത്. നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കെട്ടിട നിർമ്മാണ യൂണിറ്റായ എമിനന്റ് കൺസ്ട്രക്ഷൻ യൂണിറ്റിന്റെ പുതിയ സംരഭമായ എമിനന്റ് ബ്രിക്സ് മുഖേനയാണ് ഭവന നിർമാണ സഹായം അനുവദിക്കുന്നത്. ഇതനുസരിച്ച് ഭവന നിർമാണത്തിനാവശ്യമായ സിമൻറ് കട്ടകൾ ( ബ്രിക്സ് ) 10 രൂപ നിരക്കിൽ നൽകും. 32 രൂപയാണ് വിപണി വില. പൂളപ്പൊയിലിലാണ് എമിനന്റ് ബ്രിക്സ് പ്രവൃത്തനമാരംഭിച്ചത്.ഈ സ്ഥാപനത്തിലെ ജോലിക്കാർക്ക്തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വേതനം നൽകും. ബ്രിക്സ് (സിമന്റ് കട്ട) നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളായ സിമൻറ്, ബേബി മെറ്റൽ, എംസാന്റ് എന്നിവ നഗരസഭ ലദ്യമാക്കും. സിമന്റ്കട്ട നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.പ്രശോഭ് കുമാർ, നഗരസഭ കൗൺസിലർമാരായ പി. ബ്രിജേഷ് ,ബുഷറ , എ.ഡി.എസ്. ചെയർപേഴ്സൺ ഷൈനി എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി എൻ.കെ .ഹരീഷ് സ്വാഗതവും എമിനന്റ് ഗ്രൂപ്പ് സെക്രട്ടറി വി.പ്രകാശിനി നന്ദിയും പറഞ്ഞു.