രാമനാട്ടുകര: രാസവസ്തുക്കൾ വിതറി പഴുപ്പിച്ച മാമ്പഴങ്ങളെ കടക്കു പുറത്ത് എന്ന് വിളംബരം ചെയ്ത് തികച്ചും ജൈവ നാടൻ രീതിയിൽ പഴുപ്പിച്ച മാമ്പഴങ്ങളുമായി രാമനാട്ടുകരയിൽ മാമ്പഴമേളക്കും ചക്ക മഹോത്സവത്തിനും തുടക്കമായി . മലബാർ മാവ് കർഷക സമിതിയുടെയും ഓൾ കേരള ജാക്ക് ഫ്രൂട്ട് പ്രമോഷൻ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ രാമനാട്ടുകര ബസ് സ്റ്റാന്റിന് സമീപം അഡ്രസ്സ് ഗ്രൗണ്ടിലാണ് മാമ്പഴമേളയും ചക്ക മഹോത്സവവും ആരംഭിച്ചത് . രാമനാട്ടുകര നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷ പി.കെ. സജ്ന അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ മണ്ണൊടി രാംദാസ് , ബീനപ്രഭ , കൗൺസിലർമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ എന്നിവർ സംസാരിച്ചു. എ.ബി.ഫ്രാൻസിസ് സ്വാഗതവും നജീബ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു. കുറ്റ്യാട്ടൂർ (നമ്പ്യാർ ) മുവാണ്ടൻ, പിയൂർ, സിന്ദൂരം, സോന്താ പുരി, നീലം, കാലാപ്പാടി, മൽഗോവ, ചൈലി, നാട്ടിചേല, ഹുദാദത്ത്, ബങ്കനപ്പള്ളി, ഹിമാപസന്ത്, ചന്ദ്രക്കാരൻ, കിളിച്ചുണ്ടൻ, മൈലാപ്പു, ആപ്പൂസ്, റുമാനിയ, ബദാമി, സുന്ദരി തുടങ്ങിയ 20 ലധികം മാമ്പഴങ്ങളുടെ വിൽപനയും 30ലേറെ മാമ്പഴങ്ങളുടെ പ്രദർശനവും നഗരയിലുണ്ട്, മാവ് കർഷക സമിതിയിലെ 500-ഓളം കർഷകർ ഉത്പാദിപ്പിക്കുന്ന മാമ്പഴങ്ങളാണ് വിപണത്തിനായി എത്തിച്ചിരിക്കുന്നത്. കാർബൈഡോ, രാസവസ്തുക്കളോ ഉപയോഗിക്കാതെ വൈക്കോലും അറക്കപ്പൊടിയും കാഞ്ഞിരത്തിന്റെ ഇലയും ഉപയോഗിച്ച് തികച്ചും ജൈവരീതിയിലാണ് പഴുപ്പിച്ചിരിക്കുന്നത്. ഖാദി ബോർഡിന്റെ സാങ്കേതിക സഹായത്തോടെ പ്രവർത്തിക്കുന്ന വ്യത്യസ്ഥ ങ്ങളായ യൂണിറ്റുകളുടെ വൈവിദ്യമാർന്ന ഉൽപന്നങ്ങളും മേളയിലുണ്ട്. കൂടാതെ ചക്കയും ചക്കയിൽ നിർമ്മിച്ച വിവിധയിനം പലഹാരങ്ങളും ചക്കവരട്ടിയത് , ചക്കക്കുരു പൗഡർ തുടങ്ങി 40 ൽ പരം മൂല്യവർദ്ധിത ഉത്പന്നങ്ങളും മേളയുടെ പ്രത്യേകതയാണ്. പ്ലാവിൻ തൈകൾ, തേൻ, യു.പി, രാജസ്ഥാൻ എന്നിവിടങ്ങളിലെ വസ്ത്രങ്ങൾ, പച്ചകറി വിത്തുകൾ, ഹാന്റി ക്രാഫ്റ്റ് ഉത്പന്നങ്ങളും മേളയിൽ ഉണ്ട്.