കൽപ്പറ്റ: കുത്തകകൾ കൈവശം വെച്ച അനധികൃതമായ ലക്ഷക്കണക്കിന് ഏക്കർ ഭൂമിക്ക് കരമൊടുക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കി കൊടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ദേശദ്രോഹപരമാണെന്ന് ഭൂസമരസമിതി സംസ്ഥാന കൺവീനറും തൊവരിമല ഭൂസമര നേതാവുമായ എം.പി. കുഞ്ഞിക്കണാരൻ പറഞ്ഞു.
525,000 ഏക്കർ ഭൂമിയാണ് സംസ്ഥാനത്ത് അനധികൃതമായി കുത്തകകളുടെ കൈയിലുള്ളത്. ഇതിൽ ഒരു ലക്ഷത്തിലധികം ഏക്കർ ഭൂമിയാണ് ഹാരിസന്റെ കൈയിൽ അധികമായിട്ടുള്ളത്. കുറെ ഭാഗം ബ്രിട്ടീഷ് രാജകുടുംബാംഗമായ എലിസബത്ത് രാജ്ഞിയുടെ പേരിലെന്ന് കമ്പനി തന്നെ അവരുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നുമുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്ത് ആദിവാസികൾ ഉൾപ്പെടെ തദ്ദേശീയ ജനവിഭാഗങ്ങളെ തുരത്തികൊണ്ട് ഉണ്ടാക്കിയ ബ്രിട്ടീഷ് പാട്ടക്കരാർ റദ്ദാക്കുന്നതിന് പകരം കേന്ദ്ര സംസ്ഥാന സർക്കാരുകൾ കോർപ്പറേറ്റ് ബിനാമികളിലേക്ക് ഭൂമി നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയാണുണ്ടായത് .
കേരളത്തിലെ ഭൂരഹിതരായ ആദിവാസികളും, മറ്റും ഭൂമിയില്ലാതെ സമരം ചെയ്യുമ്പോൾ കുത്തകകളുടെ അനധികൃതമായ ഭൂമിക്ക് നിയമസാധുത നൽകാനുള്ള സർക്കാർ ഇടതുപക്ഷ പാരമ്പര്യത്തിന് അപമാനകരമാണ്. കുത്തകകളുടെ ഭൂകുംഭകോണത്തിന് കൂട്ടു നിൽക്കുന്നത് കൊണ്ടാണ് തൊവരിമല ഭൂപ്രക്ഷോഭത്തെ സർക്കാർ അവഗണിക്കുന്നത്.
കുത്തകകളുടെ അനധികൃതമായ ഭൂമിക്ക് കരമടക്കി നിയമസാധുത നൽകാനുളള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണം. അനധികൃത ഭൂമി പിടിച്ചെടുത്ത് ദരിദ്ര ഭൂരഹിതർക്കും ആദിവാസികൾക്കും വിതരണം ചെയ്യണം.
ഈ ആവശ്യത്തിന് വേണ്ടി സംസ്ഥാന വ്യാപകമായി ഭൂ പ്രക്ഷോഭം ആരംഭിക്കും.
വയനാട് കലക്ടറേറ്റിന് മുന്നിൽ നടക്കുന്ന തൊവരിമല ഭൂ പ്രക്ഷോഭം 36 ദിവസം പിന്നിട്ടു. സമരസമിതിയുടെ ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം.