സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ വനത്തിലെ പാഴ്‌ചെടികൾ പിഴുത് മാറ്റി പകരം മുളതൈകൾ വെച്ചുപിടിപ്പിക്കുന്നു. വെള്ളവും തീറ്റയുംതേടിയാണ് ആനകൾ വനത്തിൽ നിന്ന് കർഷകരുടെ കൃഷിയിടത്തിലേക്ക് എത്തുന്നത് എന്ന്‌ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ആനകളുടെ ഭക്ഷണമായ മുള വെച്ചുപിടിപ്പിക്കുന്നത്.
വന്യമൃഗശല്യത്തിന്റെപേരിൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം അടിക്കടി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ തുടർ വർഷങ്ങളിൽ ആന ഉൽപ്പെടെയുള്ള വന്യജീവികൾ തീറ്റതേടി വനത്തിൽ നിന്ന് പുറത്തിറങ്ങുന്നത് തടഞ്ഞു നിർത്തുന്നതിനാണ് ആനയുടെ ഇഷ്ട് ഭക്ഷണമായ മുളവെച്ച് പിടിപ്പിക്കുന്നത്. ഡബ്ല്യുസിഎസിന്റെ സഹകരണത്തോടെയാണ് വനം വകുപ്പ് മുളതൈകൾ വെച്ചുപിടിപ്പിക്കുന്നത്.
വന്യജീവി സങ്കേതത്തിലെ പാഴ്‌ചെടികൾ നീക്കം ചെയ്യുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. ചതുപ്പ് നിലങ്ങളിലെ പാഴ്‌ചെടികളാണ് നീക്കം ചെയ്യുന്നത്. പാഴ്‌ചെടികൾ പിഴുത് മാറ്റിയ സ്ഥലത്താണ് മുളതൈകൾ വെച്ചുപിടിപ്പിക്കുന്നത്. ഇതുവരെ ഒരു ലക്ഷത്തോളം പാഴ്‌ചെടികൾ പറിച്ച് നീക്കംചെയ്തുകഴിഞ്ഞു. ആദ്യ ഘട്ടത്തിൽ ഒരു ലക്ഷത്തോളം മുള തൈകളാണ് നടുക. ഇതിന്റെ ഉദ്ഘാടനം അടുത്ത ആഴ്ച നടക്കും.
നിലവിൽ 20 ഓളം പേരാണ് പാഴ് ചെടികൾ പിഴുതുമാറ്റുന്ന ജോലിയിലേർപ്പെട്ടിരിക്കുന്നത്. 40 ലക്ഷത്തോളം രൂപയാണ് ഇതിനായി ചിലവ് പ്രതീക്ഷിക്കുന്നത്. ലക്ഷക്കണക്കിന് മുളതൈകളാണ് നഴ്‌സറിയിൽ പ്ലാന്റ് ചെയ്തിരിക്കുന്നത്. ഇത് പറിച്ച് നടാൻ പകത്തിലായിരിക്കുകയാണ്. വനത്തിലുള്ള മുളങ്കൂട്ടം നശിച്ചുതുടങ്ങിയതോടെയാണ് ആനകൾ തീറ്റതേടി നാട്ടിൻ പുറങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങിയത്. വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലേക്ക് കാട്ടാനകൾ എത്തുന്നതും കൃഷി നശിപ്പിക്കുന്നതും സാധാരണ സംഭവമാണ്. ഇതിനെ ഒരു പരിധിവരെ പ്രതിരോധിക്കാൻ മുളങ്കൂട്ടങ്ങൾക്ക് കഴിയുമെന്ന കണക്കുകൂട്ടലിലാണ് വനം വകുപ്പിന്റെ പുതിയ നീക്കം.
ഫോട്ടോ അടിക്കുറിപ്പ്
മുത്തങ്ങ കാക്കപ്പാടം ഭാഗത്ത് പാഴ്ചെടികൾ പിഴുതുമാറ്റുന്നു