സുൽത്താൻ ബത്തേരി : ബത്തേരി മാനിക്കുനിയിൽ വെച്ച് ബുധനാഴ്ച വൈകിട്ട് കാറും ടിപ്പറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ബീനാച്ചി എക്‌സ് സർവ്വീസ്‌മെൻ കോളനിയിലെ കാഞ്ഞിരംകോട് പ്രദീപ് -ബിന്ദു ദമ്പതികളുടെ ഏകമകൻ അമൽ (12) മരിച്ചു. ബീനാച്ചി ഗവ.ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് .
അപകടത്തിൽ കാറിലുണ്ടായിരുന്ന ബന്ധുക്കളായ കൊളഗപ്പാറ കാഞ്ഞിരംകോട് ശ്രീധരൻ (57), ഇദ്ദേഹത്തിന്റെ ഭാര്യ ഇന്ദിര(50), സഹോദരി കാർത്ത്യായനി(62) എന്നിവർക്ക് പരിക്കേറ്റു. ബത്തേരിയിൽ നിന്ന് കൊളഗപ്പാറയിലേക്ക്‌പോകുംവഴി എതിരെ വന്ന ടിപ്പറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം . ഇവരെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അമൽ ഒഴിച്ചുള്ള മൂന്ന്‌പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഉടൻ കൊണ്ടുപോയങ്കിലും മൊബൈൽ ഐ.സി.യു ബത്തേരിയിൽ ലഭ്യമല്ലാതിരുന്നതിനാൽ ഒന്നര മണിക്കൂർ വൈകിയാണ് കൽപ്പറ്റയിൽ നിന്ന് മൊബൈൽ ഐ.സി.യു എത്തിച്ച് കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.