കോഴിക്കോട്: ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് പെരുവയൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ പൂവാട്ടുപറമ്പ് അങ്ങാടിയിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് എട്ടാം സ്നേഹ സംഗമം സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് 5.30ന് ആരംഭിക്കുന്ന സ്നേഹ സംഗമം ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. ഭിന്നശേഷിക്കാർക്കിടയിലെ ജീവകാരുണ്യ പ്രവർത്തകനായ നൗഷാദ് തെക്കയിലിനെ ഉപഹാരം നൽകി ആദരിക്കും. തുടർന്ന് 2500 പേർക്ക് ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള തരത്തിൽ വലുതും വ്യത്യസ്തവുമായ മതേതര ഇഫ്താർ സംഗമവും ഒരുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കായക്കൽ അഷറഫ്, ബഷീർ പൂവാട്ടുപറമ്പ്, ശ്രീജിത്ത് ബി, കെ.പി അസ്ക്കർ എന്നിവർ പങ്കെടുത്തു.