കോഴിക്കോട്: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഗ്രന്ഥശാലാ പ്രവർത്തകർ പങ്കെടുക്കുന്ന സാംസ്‌കാരിക സംഗമം നാളെ നടക്കും. ടൗൺഹാളിൽ വച്ച് നടക്കുന്ന സാംസ്‌കാരിക സംഗമം കേരള തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ, എം രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ പങ്കെടുക്കും. മലയാള ഭാഷാ സംഗമത്തിൽ എം.എ ബഷീർ, കന്മന ശ്രീധരൻ എന്നിവരും പങ്കെടുക്കും. ഗ്രന്ഥശാല പ്രവർത്തക സംഗമം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബുപറശ്ശേരി ഉദ്ഘാടനം ചെയ്യും. ചിന്താവിഷ്ടയായ സീത പ്രസാധനത്തിന്റെ ശതാബ്ദി, ഭരണഘടനാ സംരക്ഷണ സദസ്സ്, വായനാ പക്ഷാചരണം, വിവിധ തലങ്ങളിലെ വായനാ മത്സരം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യും. കൂടാതെ പ്രവർത്തകർ അണിനിരക്കുന്ന ഘോഷയാത്രയും ബാലവേദി കുട്ടികൾ നടത്തുന്ന കലാപരിപാടികളും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് എൻ ശങ്കരൻ, സെക്രട്ടറി കെ ചന്ദ്രൻ, സി കുഞ്ഞമ്മദ്, ശ്യാം കുമാർ എന്നിവർ പങ്കെടുത്തു.